പ്രളയവും ഉരുൾപ്പൊട്ടലും കോട്ടയം ജില്ലയുടെ മലയോരമേഖലയിലെ ഗതാഗതമാർഗങ്ങൾ പാടെ തകർത്തു. ദേശീയപാത ഉൾപ്പെടെ ജില്ലയിലെ 58 റോഡുകളും 16 പാലങ്ങളുമാണ് പ്രളയത്തിൽ തകർന്നത്. ഗതാഗതമാർഗം താറുമാറായതോടെ മലയോരവാസികളുടെ ജീവിതം പ്രളയ ശേഷവും ദുരിതത്തിലാക്കും.
കാഞ്ഞിരപ്പള്ളി 26ആം മൈൽ പാലത്തിൻ്റെ അടിത്തറയും കൈവരിയും നശിച്ചു, കടവനാൽ കടവ് പാലത്തിൻ്റെ 2 തൂണുകൾ 2 അടിയിലേറെ തെന്നിമാറി. ഏന്തയാർ പഞ്ചായത്ത് പാലത്തിൻ്റെ അപ്രോച്ച് റോഡ് പൂർണമായും തകർന്നു. പഴയിടം കോസ് വേയുടെ കൈവരികളും അപ്രോച്ച് റോഡും മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു പോയി. ചെറുവള്ളി കോസവേ തൂണുകൾ അവശേഷിപ്പിച്ച് ഒഴുകിപ്പോയി. മണിമലയാറ്റിലൂടെ ഒഴുകിയെത്തിയ മരക്കൊമ്പുകൾ ഇടിച്ച് വെള്ളാവൂർ തൂക്കുപാലവും തകർന്നു. ജില്ലയിൽ പ്രളയം തകർത്ത പാലത്തിൻ്റെ പട്ടിക ഇനിയും നീളും. പാലങ്ങള്‍ക്ക് ആറര കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പാലങ്ങൾ തകർന്നത്.
പ്രളയ ശേഷം മലയോരമേഖല പരസ്പരം അകന്ന അവസ്ഥയാണ്. റോഡുകള്‍ നന്നാക്കുന്നതിന് അൻപത് കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍ക്കും വ്യാപക നാശനഷ്ടമുണ്ട്. ഇതിൻ്റെ കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. റോഡുകളും പാലങ്ങളും നന്നാകാൻ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് കണക്കില്ല. അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്താനുള്ള വഴി കൂടിയാണ് പലയിടങ്ങളിലും അടഞ്ഞത്.