നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ സംസ്ഥാന വ്യാപക സര്‍വ്വേയ്ക്കൊരുങ്ങി മൃഗസംരക്ഷണ വകുപ്പ്. ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. ഇതിന്‍റെ വിശദമായ രൂപരേഖ അടുത്തയാഴ്ച്ച തയ്യാറാക്കും.
ചാത്തമംഗലത്തെ വവ്വാലുകളില്‍ നിപ്പ വൈറസ് ആന്‍റിബോഡി കണ്ടെത്തിയതോടെയാണ് വൈറസിന്‍റെ സാനിധ്യം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാനായത്. എന്നാല്‍ അതുമാത്രം പോര. സംസ്ഥാനത്തുടനീളം നിപ്പ വൈറസ് സാനിധ്യം എത്രയുണ്ടെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അതിനായി വിവിധ ജില്ലകളില്‍ വവ്വാലുകളെ പിടികൂടി ശ്രവം ശേഖരിച്ച് പരിശോധിക്കും. കൊല്ലുന്നതിന് പകരം അനസ്തേഷ്യ നല്‍കിയാകും പഴംതീനി വവ്വാലുകളില്‍ നിന്ന് രക്തസാമ്പിള്‍ അടക്കമുള്ളവ എടുക്കുക.
സര്‍വ്വേയ്ക്കായി കേന്ദ്രസര്‍ക്കാര്‍ സഹായം കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്തയാഴ്ച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. സര്‍വ്വേ എങ്ങനെ വേണമെന്ന അന്തിമതീരുമാനം ഈ യോഗത്തിലാകും കൈക്കൊള്ളുക.