TAGS

 

മണ്ഡലകാലം ആരംഭിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ച്ചയായ ഇന്ന് ഉച്ചവരെ ഏഴായിരത്തിന് മുകളിൽ തീർഥാടകർ ശബരിമലയിൽ ദർശനം നടത്തി. വരും ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ കൂടുതൽ ഭക്തരെത്തുമെന്നാണ് ദേവസ്വം ബോർഡിൻ്റെ പ്രതീക്ഷ. ശബരിമല മേഖലയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരുന്നു.

മഴയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയതും തെളിഞ്ഞ കാലാവസ്ഥയും ശബരിമലയിൽ തിരക്ക് വർധിപ്പിച്ചു. എത്തിയവരിൽ ഏറയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ്. പതിനാറായിരത്തിനടുത്താണ് വെർച്വൽ  ക്യൂവിലെ ഇന്നത്തെ ബുക്കിങ്. മാസ പൂജ ദിവസങ്ങളെ അപേക്ഷിച്ച് ബുക്കിങ് ക്യാൻസൽ ചെയ്യുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. സ്പോട്ട് ബുക്കിങ് സംവിധാനവും പ്രയോജനപ്പെടുത്തുണ്ട്.  പമ്പയിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ സ്നാനത്തിന് അനുമതി നൽകിയിട്ടില്ല. എന്നാൽ ഗണപതി ക്ഷേത്രത്തിനടുത്ത് കെട്ട് നിറയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുതിയിട്ടുണ്ട്.  പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത സഞ്ചാര യോഗ്യമാക്കി തുടങ്ങി. ഇന്നലെ പന്ത്രണ്ടായിരത്തിൽപരം തീർഥാടകർ ദർശനം നടത്തി.