സോളർ പീഡന കേസ് അന്വേഷണത്തിനായി സി.ബി.ഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കേസിൻ്റെ അന്വേഷണ ഭാഗമായാണ് പരിശോധന. സർക്കാറിൻ്റെ അനുമതിയോടെയാണ് പരാതിക്കാരിയുമായി അന്വേഷണ സംഘം എത്തിയത്.
രാവിലെ ഒമ്പതരയോടെയാണ് പരാതിക്കാരിക്കൊപ്പം സി.ബി.ഐ സംഘം എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അമേരിക്കയിലായതിനാൽ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2012 സെപ്തംബറിൽ ക്ലിഫ് ഹൗസിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. പരാതിയിൽ പറയുന്ന മുറിയിൽ ഇപ്പോൾ ജീവനക്കാരാണ് താമസം. അവിടെയെത്തി പരിശോധിച്ച ശേഷം പരാതിക്കാരിയുടെ മൊഴിയും രേഖപ്പെടുത്തി.
പത്ത് വർഷം മുമ്പ് നടന്നതായി പറയുന്ന കാര്യത്തിൽ തെളിവ് ശേഖരണത്തിനപ്പുറം സാങ്കേതിക നടപടികൾ പൂർത്തിയാക്കുകയാണ് സി.ബി.ഐ ലക്ഷ്യമിടുന്നത്. 7 വർഷത്തോളം ക്രൈംബ്രാഞ്ച് അന്വേഷിച്ചിടും തെളിവ് ലഭിക്കാതിരുന്ന കേസ് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപാണ് സി.ബി.ഐക്ക് വിട്ടത്.
ഉമ്മൻ ചാണ്ടി ,കെ .സി .വേണുഗോപാൽ ,അടൂർ പ്രകാശ് ,എ.പി. അനിൽ കുമാർ ,ഹൈബി ഈഡൻ ,എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെ കേസെടുത്ത സി.ബി.ഐ ,മറ്റ് കേസിലും തെളിവ് ശേഖരണവുമായി മുന്നോട്ട് പോവുകയാണ്. ഇതൊടെയാണ് ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതിയിൽ കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്.