വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച് നടത്തിയ പൂകൃഷി വിപണിയില്ലാതെ നശിക്കുന്നു. ഓണക്കാല വിപണി ലക്ഷ്യമിട്ടായിരുന്നു ത്രിതല പഞ്ചായത്തുകൾ പൂകൃഷി പ്രോൽസാഹിപ്പിച്ചത്. ഓണക്കാലത്തെ വിലയുടെ പകുതിവില പോലും ഇപ്പോഴില്ലെങ്കിലും ആരും വാങ്ങാൻ എത്തുന്നില്ലെന്ന് കർഷകർ പറയുന്നു
ഓണത്തിന് ഒരു കുട്ട പൂവ് എന്ന മുദ്രാവാക്യവുമായാണ് പഞ്ചായത്തുകളിൽ പൂകൃഷി പ്രോൽസാഹിപ്പിച്ചത്. ഇതനുസരിച്ച് ഇടവിളയായി ബന്തികൃഷി നടത്തിയ സുന്ദരനെന്ന 72കാരന്റെ കൃഷിയിടത്തെ കാഴ്ചയാണിത്. ഒരു ദിവസംമാത്രം വിരിയുന്ന 40 കിലോ ബന്തി പൂക്കളാണ് ആർക്കും വേണ്ടാതെ നശിക്കുന്നത്.
വിവാഹ-ആഘോഷ സീസൺ അല്ലാത്തതാണ് വിലയിടിയാൻ കാരണമെന്ന് കർഷകർ പറയുന്നു
ഓണക്കാലത്ത് കിലോക്ക് 200 മുതൽ 400 രൂപ വിലയുണ്ടായിരുന്ന ബന്തി പൂക്കൾക്ക് ഇപ്പോൾ 60 രൂപയാണ് വില. എന്നാൽ ഈ വിലക്ക് പോലും പൂവെടുക്കാൻ ആരുമില്ലന്നതാണ് പ്രതിസന്ധി. പലരും ഓണം കഴിഞ്ഞതോടെ പൂപ്പാടങ്ങൾ ഉപേക്ഷിച്ചു കഴിഞ്ഞു. പൂവിട്ടു തുടങ്ങിയാൽ തുടർച്ചയായി മൂന്ന് മാസത്തോളമാണ് പൂക്കൾ കിട്ടുന്നത്.പൂകൃഷി പ്രോൽസാഹിക്കാനെത്തിയ കൃഷിവകുപ്പൊ പഞ്ചായത്തൊ പ്രതിസന്ധിയിൽ സഹായത്തിനെത്തിയില്ലെന്നാണ് കർഷകരുടെ പരാതി.