park-vaikom

TAGS

കോവിഡ് കാലത്ത് അടച്ചിട്ട വൈക്കത്തെ പാർക്ക് തുറക്കാൻ 8 ലക്ഷം മുടക്കണമെന്ന നഗരസഭ നിലപാടിന് മറുപടിയായി പാർക്ക് സ്വയം ശുചീകരിച്ച്  തുറന്നു കൊടുത്ത്‌ പ്രതിപക്ഷ കൗൺസിലർമാർ. മൂന്ന് ദിവസത്തേക്ക് ശുചീകരണത്തിന് മാത്രമായി തുറന്ന പാർക്കിൽ നൂറു കണക്കിനാളുകളാണ് എത്തിയത്.LDF കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം .  

കോവിഡ് നിയന്ത്രണങ്ങൾക്കിടെ അടച്ച പാർക്ക് ശുചീകരിക്കാൻ നടപടി ഇല്ലാതെ വന്നതോടെയാണ് പാർക്കിൽ സ്ഥാപിച്ച റൈഡുകൾ നശിച്ചു തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെയാണ് നഗരസഭ അധികൃതർ പാർക്കിലെത്തിയത്. പാർക്ക് തുറക്കാൻ ഉദ്യോഗസ്ഥർ ഫിറ്റ്നെസ് അനുമതി നൽകിയില്ലെന്നും 8 ലക്ഷത്തോളം രൂപ മുടക്കണമെന്നുമായിരുന്നു UDF ഭരണ സമിതിയുടെ നിലപാട്. പ്രതിഷേധം ഏറെ ഉയർന്നിട്ടും പാർക്ക് തുറക്കാതെ വന്നതോടെയാണ് LDF കൗൺസിലർമാർ രംഗത്തെത്തിയത്.  ശുചീകരണം  പൂർത്തിയായതോടെ പാർക്കിലേക്ക് ജനപ്രവാഹമായി. ഇരുപതിനായിരം രൂപയോളം കൈയ്യിൽ നിന്ന് മുടക്കിയായിരുന്നു കൗൺസിലർമാരുടെ പ്രവർത്തനം.

ഇതിനിടെ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് നഗരസഭ പാർക്കിലെ കാടുകൾ നീക്കം ചെയ്തിരുന്നു.എന്നാൽ ശുചീകരണത്തിനായി മൂന്ന് ദിവസം തുറന്ന പാർക്കിന്റെ താക്കോൽ  മടക്കിനൽകിയതോടെ  പാർക്ക് വീണ്ടും അടഞ്ഞുകിടക്കും. അപകടാവസ്ഥയിലുള്ള റൈഡുകൾ മാറ്റിയാൽ ഫിറ്റ്നെസ് അനുമതിക്ക് എന്താണ്  തടസമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം . എന്നാൽ നഗരസഭ ചെയർപെഴ്സണും വൈസ് ചെയർമാനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് ചെയർ പേഴ്സന്റെ മൗനാനുവാദത്തോടെയുള്ള പ്രതിപക്ഷ കൗൺസിലർമാരുടെ ഈ നടപടിക്ക് പിന്നിലെന്നാണ് ഭരണസമിതിയിലെ തന്നെ ഒരു വിഭാഗത്തിന്റെ ആക്ഷേപം