ആടിനെ ഒന്നോടെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്. ആടിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിൽ കയറി അതിനെ അകത്താക്കിയ ശേഷം അനങ്ങാനാകാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വീട്ടുടമ അറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടി പുറത്തെത്തിച്ചത്. ആറ് മീറ്റർ നീളവും 80 കിലോയോളം തൂക്കവുമുള്ള പാമ്പിനെ 7 അഗ്നിശമനസേന ജീവനക്കാർ ചേർന്നാണ് പുറത്തെത്തിച്ചത്.
പുറത്തെത്തിച്ചതോടെ പാമ്പ് വിഴുങ്ങിയ ഇരയെ പുറത്തേക്ക് ഛർദിക്കാൻ തുടങ്ങി. വിഴുങ്ങിയ ആടിന്റെ കാലുകൾ പുറത്തുവന്നതോടെ സുരക്ഷാജീവനക്കാരിലൊരാൾ ആടിന്റെ കാലിൽ പിടിച്ച് പിന്നോട്ട് വലിച്ചു. ഇതോടെ വിഴുങ്ങിയ ആടിന്റെ ഭൂരിഭാഗവും പുറത്തെത്തി.ഏറെ കരുതലോടെയാണ് പാമ്പിന്റെ വായിൽ നിന്നും ആടിനെ പുറത്തെടുത്തത്. പാമ്പിനെ പിന്നീട് സമീപത്തുള്ള വനത്തിൽ കൊണ്ടുപോയി സ്വതന്ത്രമാക്കി.