തൃശൂര്‍ മാള പഴൂക്കരയില്‍ കഞ്ചാവ് കടത്തിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരുക്കേറ്റു. അപകട ശേഷം തൊട്ടടുത്ത പറമ്പില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന രണ്ടു പേരെ നാട്ടുകാര്‍ പിടികൂടി.
മാള സ്വദേശി രഞ്ജിത് മകളെ ബസ് കയറ്റി വിടാന്‍ സ്റ്റോപ്പ് വരെ സ്കൂട്ടറില്‍ വന്നതായിരുന്നു. വണ്ടി വഴിയരികില്‍ നിര്‍ത്തിയ സമയത്തായിരുന്നു എതിര്‍ദിശയില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തിയത്. തെറ്റായ ദിശയിലായിരുന്നു കാറിന്റെ വരവ്. കുറച്ചുദൂരം സ്കൂട്ടര്‍ സഹിതം രഞ്ജിത്തിനെ കാര്‍ മുന്നോട്ടു കൊണ്ടുപോയി. നിസാര പരുക്കുകളോടെ രഞ്ജിത് രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ കാര്‍ യാത്രക്കാര്‍ വെപ്രാളത്തിലായി. പരുക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിനു പകരം കാറിന്റെ പുറകിലുണ്ടായിരുന്ന പായ്ക്കറ്റ് ഒളിപ്പിക്കാനായിരുന്നു യുവാക്കളുടെ ശ്രമം. നാട്ടുകാര്‍ ഇതു ശ്രദ്ധിച്ചിരുന്നു. കുഴൂര്‍ സ്വദേശിയായ ചെറുപിള്ളി യദുകൃഷ്ണന്‍ കളപ്പട്ടില്‍ വീട്ടില്‍ വിനില്‍ എന്നിവരായിരുന്നു കാറില്‍. നാട്ടുകാര്‍ ഇരുവരേയും പിടികൂടി. കാറിലുണ്ടായിരുന്ന കഞ്ചാവ് തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത്, എക്സൈസ് കണ്ടെടുത്തു.
യദൃകൃഷ്ണന്‍ കഞ്ചാവ് കടത്തുക്കേസിലെ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്.