‘പാവം പിടിച്ച മേനേ എന്തിനാ കൊന്നത്?. ഒരു ശല്യവും ഇല്ലായിരുന്നു’. തൃശൂര്‍ കേച്ചേരി പട്ടിക്കരയില്‍ കൊല്ലപ്പെട്ട ഭിന്നശേഷിക്കാരന്‍ സഹദിന്റെ മുത്തശി സെഫിയയുടെ വാക്കുകളാണിത്. സഹദിന്റെ അച്ഛന്‍ സുലൈമാനായിരുന്നു ജീവനെടുത്തത്. തലേന്നുതന്നെ ബക്കറ്റില്‍ ഡീസല്‍ വാങ്ങി സൂക്ഷിച്ചിരുന്നു. സമീപത്തെ പള്ളിയുടെ മാലിന്യങ്ങള്‍ കത്തിക്കാന്‍ വാങ്ങി കരുതിയാണ് ഡീസലെന്ന് സുലൈമാന്‍ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചു. മകനെ കൊല്ലാനുള്ള ഡീസലാണെന്ന് കുടുംബാംഗങ്ങള്‍ കരുതിയതുമില്ല. വീട്ടുകാര്‍ പുറത്തു പോയ നേരത്ത് സഹദിന്‍റെ ദേഹത്തേയ്ക്കു ഡീസല്‍ ഒഴിച്ച് സുലൈമാന്‍ തീ കൊളുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
യാതൊരു കൂസലുമില്ലാതെ വീട്ടുവിട്ട് പോകാന്‍ തുടങ്ങിയ സുലൈമാനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. പ്രതിയുമായി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ അരിശം തീര്‍ത്തത് ശാപവാക്കുകള്‍ ചൊരിഞ്ഞാണ്. ഒപ്പം നാട്ടുകാര്‍ പറഞ്ഞു. ‘‘നീ ജയില്‍ നിന്ന് പുറത്തിറങ്ങി വായോ, ഈ നാട്ടിലേക്കല്ലേ നീ വരേണ്ടത്. അപ്പോള്‍ കാണാം’’. സുലൈമാന്റെ ക്രൂരതയില്‍ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു നാട്ടുകാര്‍ ഒന്നടങ്കം. ബാഗ് നിര്‍മാണ യൂണിറ്റില്‍ ജോലിക്കാരാനായിരുന്നു സുലൈമാന്‍. കുറേക്കാലമായി പണിയ്ക്കു പോകുന്നില്ല. ഭാര്യയും അമ്മയും വീട്ടുജോലിയെടുത്തു കിട്ടുന്ന തുക കൊണ്ടാണ് കഴിഞ്ഞിരുന്നത്. സഹദിനെ നോക്കിയിരുന്നതും കുടുംബാംഗങ്ങള്‍തന്നെയായിരുന്നു. സൗമ്യനായിരുന്നു സഹദെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.