തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന മികച്ച ആശയങ്ങള്‍  ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച നാട്ടുസൂത്രം റിയാലിറ്റി ഷോ വിജയികളെ ഇന്നറിയാം. മനോരമ ന്യൂസില്‍ ഇന്ന് രാത്രി 7 മണിക്ക് നാട്ടുസൂത്രം ഫിനാലെ കാണാം.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രോല്‍സാഹനവും അംഗീകാരവും നല്‍കാന്‍ ലക്ഷ്യമിട്ട നാട്ടുസൂത്രം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന  പ്രാദേശിക സര്‍ക്കാരുകളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി . മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ഈ ഉദ്യമത്തില്‍ മനോരമ ന്യൂസിനൊപ്പം കൊകോര്‍ത്തു. മറ്റ് സ്ഥാപനങ്ങള്‍ക്ക്  മാതൃകയാക്കാനും  ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും നാട്ടുസൂത്രത്തിന് സാധിച്ചു. 

 

സ്വന്തം തദ്ദേശ ഭരണ സ്ഥാപനത്തില്‍ നടപ്പാക്കിയ പുതുമയുള്ള ഒരാശയമുണ്ടെങ്കില്‍ അറിയിക്കാന്‍ പ്രേക്ഷകരോട്  ആവശ്യപ്പെട്ടപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. കേരളം അറിയണമെന്ന് അവര്‍ കരുതിയ പുത്തന്‍ ഐഡിയകളും പ്രവര്‍ത്തനങ്ങളും പ്രേക്ഷകരും പൊതുപ്രവര്‍ത്തകരും ഞങ്ങളെ അറിയിച്ചു.ആശയങ്ങള്‍ നേരിട്ട് ചിത്രീകരിച്ച് മനോരമ ന്യൂസ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു. ഡോ.തോമസ് ഐസക്, വി.കെ.ശ്രീരാമന്‍, ലക്ഷ്മി മേനോന്‍ എന്നിവരടങ്ങിയ ജൂറി ഇവരുമായി സംസാരിച്ചും പദ്ധതികള്‍ വിശദമായി പരിശോധിച്ചും വിലയിരുത്തല്‍ നടത്തി. അഞ്ച് എപ്പിസോഡുകളിലായി ഇവ സംപ്രേഷണം ചെയ്തു. ജൂറി തെരഞ്ഞെടുത്ത 5 ആശയങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് സമ്മാനം. ഒപ്പം പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച ആശയങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവയ്ക്ക് 25,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നല്‍കും