Jadayupara

കൊല്ലത്തെ ജടായുപാറ ടൂറിസം പദ്ധതിയിൽ കോടികളുടെ അഴിമതി ചൂണ്ടികാട്ടി നിക്ഷേപകരായ പ്രവാസികൾ വീണ്ടും രംഗത്ത്. അഴിമതിക്കേസിൽ നിക്ഷേപകർക്ക് അനുകൂലമായി കോടതി ഉത്തരവുകളുണ്ടായിട്ടും തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പദ്ധതി ഡയറക്ടർ കൂടിയായ സംവിധായകൻ രാജീവ് അഞ്ചൽ ഇതിനിടെ ഗൾഫിലെത്തി വീണ്ടും പണം പിരിക്കുകയാണെന്ന് നിക്ഷേപകർ ആരോപിച്ചു.  

നാല് പതിറ്റാണ്ടിലേറെ ഗൾഫിൽ വളയംപിടിച്ചുണ്ടാക്കിയ പണമാണ് അൻസാരി ജടായു പാറ ടൂറിസം പദ്ധതിക്കായ് നൽകിയത്. ഇപ്പോൾ പണവുമില്ല, ലാഭവിഹിതവുമില്ല. ഇതുപോലെ 167 നിക്ഷേപകർക്കാണ് കഭളിപ്പിക്കപ്പെട്ടത്. സംഘടന രൂപീകരിച്ച്  നാട്ടിൽ നിയമപോരാട്ടം നടത്തുകയാണ് ഇവരിപ്പോൾ. പദ്ധതി വരുമാനത്തിൽ ഇടപെടാൻ രാജീവ് അഞ്ചലിന് അധികാരമില്ല എന്ന കൊച്ചി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെയും, ചെന്നൈ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെയും ഉത്തരവ് നിലനിൽക്കെയാണ് ഗൾഫിൽ വീണ്ടും  പിരിവ് നടത്തുന്നതെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടി.

43 കോടി രൂപയിലേറെ പിരിച്ചെടുത്തിട്ടും പത്ത് കോടിയുടെ പോലും നിർമാണം പദ്ധതി പ്രദേശത്ത് നടത്തിയിട്ടില്ല. നിക്ഷേപകർ ഗൾഫിൽ നിന്ന് പദ്ധതി കാണാൻ ടിക്കറ്റെടുത്ത് വന്നാൽ പോലും  പൊലീസ് കേസിൽ കുടുക്കുകയാണ്.  സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്ക് നേരെ കണ്ണടക്കുകയാണെന്നും നിക്ഷേപകർ ആരോപിച്ചു. പദ്ധതിയിൽ നിന്നുള്ള വരുമാനം എസ്ക്രോ അക്കൗണ്ടിലേക്ക് അടക്കണം എന്ന ട്രിബ്യൂണലിന്റെ വിധിയും പാലിക്കപ്പെടുന്നില്ല. ജടായു പാറയിൽ ഓൺലൈൻ ടിക്കറ്റിങ്, ഡിജിറ്റൽ സംവിധാനം നിർത്തിവെച്ചിരിക്കുകയാണ്. പണം കാഷായി നൽകുന്നവർക്ക് മാത്രമേ ടിക്കറ്റ് നൽകുന്നുള്ളു. ഇതിലും വൻ വെട്ടിപ്പാണ് നടക്കുന്നതെന്ന് നിക്ഷേപകർ ആരോപിച്ചു.