ശരീരത്തില്‍ ഘടിപ്പിച്ച ഇന്‍സുലിന്‍ പമ്പുമായി നൃത്തം ചെയ്ത് നേടിയ വിജയവുമായാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ സുനു സാബു സംസ്ഥാന സ്കൂള്‍ കലോല്‍സവ വേദിയില്‍ മല്‍സരിക്കാന്‍ എത്തുന്നത്. രണ്ടിനത്തിലാണ് മല്‍സരം. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പന്തളം സ്വദേശിനി സുനുവിന്‍റെ നൃത്തവുമായുള്ള ജീവിതം.
ആറാംവയസിലാണ് ടൈപ്പ് വണ്‍ പ്രമേഹം സുനുവിന്‍റെ കൂടെ കൂടുന്നത്. പിന്നിങ്ങോട്ടുള്ള ജീവിതം വയറില്‍ ഘടിപ്പിച്ച ഇന്‍സുലിന്‍ പമ്പുമായാണ്. പ്രമേഹത്തോട് പോരാടിയാണ് നൃത്തം പഠിച്ചതും അരങ്ങേറിയതും ഇന്ന് വേദികള്‍ കീഴടക്കുന്നതും. തിരുവല്ലയില്‍ നടന്ന റവന്യൂജില്ലാ കലോല്‍സവത്തില്‍ കേരളനടനത്തിലും, കുച്ചിപ്പുടിയിലും നേടിയ വിജയവുമായാണ് സംസ്ഥാന കലോല്‍സവത്തിന് എത്തുന്നത്.
ഇപ്പോഴും സുനുവിന് പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ട്. മാസം മരുന്നിനടക്കം വലിയ തുക വേണ്ടിവരുന്നുവെന്ന് അമ്മ അനു പറഞ്ഞു. കടംവാങ്ങിയാണ് കലോല്‍സവത്തിലേക്കുള്ള യാത്രകള്‍. എത്ര കഷ്ടപ്പെട്ടാലും സുനുവിന്‍റെ മോഹങ്ങള്‍ക്കും കലാജീവിതത്തിനും ചികില്‍സയ്ക്കും മുടക്കം വരുത്തില്ലെന്ന് അമ്മ പറയുന്നു. പന്തളം തോട്ടക്കോണം ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് സുനു.