കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവവേദിയില്‍ ഏറ്റവും കൂടുതല്‍ തിരക്കേറുന്ന ഒരിടമുണ്ട്. മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയിട്ടുള്ള ഊട്ടുപുര. വയറുനിറയെ ഭക്ഷണംകഴിച്ച് വെറുംകയ്യോടെ മടങ്ങിയാല്‍ പോര, രണ്ടു വാക്ക് അഭിപ്രായം കൂടി അവിടെ കുറിച്ചിടാം.
പല പല വര്‍ണകടലാസുകള്‍ കെട്ടിപ്പിടിച്ചിരിക്കുന്നു. ഒന്ന് മറ്റൊന്നിനോട് അകലാന്‍ മടിക്കുന്നതു പോലെ .സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും ഈ കുറിപ്പുകള്‍ എല്ലാം അഭിപ്രായങ്ങളാണ്. ഊട്ടുപുരയെക്കുറിച്ചും അവിടുത്തെ ഭക്ഷണത്തെക്കുറിച്ചുമുള്ള അഭിപ്രായം.
ഒരുപാട് കുറിപ്പുകള്‍ അതില്‍. രസകരമായത് നിരവധി. പായസം ഒരു തവണ മാത്രമെ തന്നുള്ളൂ, പായസം ഗ്ലാസില്‍ തന്നിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ, ഊണില്‍ നിന്ന് പപ്പടത്തെ കാണാതെ പോയിട്ടുണ്ട് ഇങ്ങനെ പോകുന്നു കുറുപ്പിലെ അഭിപ്രായങ്ങള്‍..
ഊട്ടുപുരയ്ക്കുള്ളിലാകട്ടെ വിവിധ കൗണ്ടറുകളിലായി വലിയ നിരകളാണ്.... ചോറും സാമ്പാറും തോരനും അച്ചാറുമൊക്കെ ചേര്‍ത്തൊരു പിടിപിടിച്ചാല്‍ ക്യൂ നിന്നതിന്‍റെ ക്ഷീണമൊക്കെ പമ്പ കടക്കും.. വലിയ ആവേശമാണ് ഊട്ടുപുരയില്‍. എല്ലാവരും ഒന്നിച്ച് അങ്ങനെ സൗഹൃദവും സ്നേഹവും പങ്കുവച്ച് വീണ്ടും ഇവിടെ ഒന്നിക്കുന്നു. അപ്പോള്‍ ഊട്ടുപുരയിലേക്കെത്തിയാല്‍ നമ്മുടെ വയറ് മാത്രമല്ല മനസും നിറയും, ഞങ്ങളും കഴിച്ചു നല്ല ഒന്നാന്തരം ഊണ്...