സംസ്ഥാനത്ത് 5681.98 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി അനുമതി. ഇതോടെ ആകെ കിഫ്ബി പദ്ധതികൾ 80,352.04 കോടിയുടേതായി ഉയർന്നു. പദ്ധതി ചെലവിന് പണം കണ്ടെത്താൻ അടുത്ത സാമ്പത്തിക വർഷം 9000 കോടി രൂപ വായ്പയെടുക്കാനും ബോർഡ് യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗമാണ് കൂടുതൽ പദ്ധതികൾക്ക് ധനാനുമതി നൽകിയത്. മലയോര, തീരദേശ ഹൈവേകൾ ഉൾപ്പടെ പൊതുമരാമത്ത് റോഡ് പദ്ധതികൾക്ക് സ്ഥലമെടുപ്പിനുൾപ്പടെ 3414 കോടി അനുവദിച്ചു. പിണറായി വില്ലേജിൽ വിദ്യാഭ്യാസ സമുച്ചയ നിർമാണത്തിന് 232 കോടി നൽകും. കണ്ണൂർ എയർപോർട്ടിന് അനുബന്ധമായി മൂന്ന് റോഡുകൾക്ക് സ്ഥലമെടുക്കാൻ 1979 കോടി അനുവദിച്ചു. കിഫ്ബി ഇതുവരെ 23095 കോടിയാണ് പദ്ധതികൾക്കായി ചെലവഴിച്ചത്. 12089 കോടിയുടെ പദ്ധതികൾ പൂർത്തിയായി.
അടുത്ത സാമ്പത്തിക വർഷം 9000 കോടി കടമെടുക്കും. വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകേണ്ടി വരുമെന്നും അതിന് സംസ്ഥാനം യോജിച്ച് പ്രവർത്തിക്കണമെന്നും ബാലഗോപാൽ പറഞ്ഞു. കിഫ്ബി കടമെടുക്കരുത് എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടില്ല എന്ന് കെ.എം.ഏബ്രഹാം. അസറ്റ് ലയബിലിറ്റി മാനേജ്മെൻ്റ് സംവിധാനം വഴി ശാസ്ത്രീയമായ രീതിയിൽ വിവേകപൂർവമായ കടമെടുപ്പാണ് നടത്തുന്നതെന്നും ധനമന്ത്രിയും കിഫ്ബി സി.ഇ.ഒയും അവകാശപ്പെട്ടു.
KIFBI approved 64 projects worth 5681.98 crores in the state