പാലക്കാട് മദ്യ നിര്‍മാണക്കമ്പനിക്ക് അനുമതി നല്‍കിയതിനെ പൂര്‍ണമായി ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. ഇനിയും ഇത്തരം സംരംഭങ്ങള്‍ വന്നാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ തള്ളിയത്. മദ്യനയം ആര്‍ക്കുവേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യനിര്‍മാണ കമ്പനിയുടെ പ്രൊപ്പഗാണ്ട മാനേജരെപ്പോലെയാണ് എക്സൈസ് മന്ത്രി പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചു.
മധ്യപ്രദേശില്‍ നിന്നുള്ള ഒയാസിസ് കമ്പനിക്ക് പാലക്കാട് മദ്യനിര്‍മാണ ശാല തുടങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കിയതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണത്തിന് ആദ്യമായാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്. മദ്യനയത്തില്‍ സുവ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യവസായ സംരംഭത്തിന് ടെന്‍ഡറിന്‍റെ ആവശ്യമില്ല. സംസ്ഥാനത്തെ പത്ത് ഡിസ്‌ലറിയില്‍ ഏഴെണ്ണവും രണ്ട് ബ്രൂവറിയും അനുവദിച്ചത് കോണ്‍ഗ്രസാണ്. അവയ്‌ക്കുവേണ്ടി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വ്യവസായങ്ങള്‍ക്ക് വെള്ളംനല്‍കുന്നത് മഹാപാപമല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഈ തീരുമാനമെടുത്തത്. കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യത്തിനുമുള്ള വെള്ളം തടസ്സപ്പെടില്ല. മാലിന്യം പുറന്തള്ളില്ലെന്ന് ഉറപ്പുവരുത്തും. പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയതെന്നും അതിനാല്‍ പഞ്ചായത്തുമായി ഇപ്പോള്‍ കൂടിയാലോചന ആവശ്യമില്ലെന്നും മുഖ്യമന്ത്രി. കുടിക്കാന്‍ വെള്ളമില്ലാത്ത ഒരു നാട്ടില്‍ മദ്യം നിര്‍മക്കാന്‍ അനുമതി നല്‍കുന്നതിന്‍റെ പ്രത്യാഘാതം ആലോചിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ചോദിച്ചു.
ആരും അറിയാതെ മധ്യപ്രദേശിലെ കമ്പനിക്ക് മാത്രം എങ്ങനെയാണ് മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഡല്‍ഹി അഴിമതിക്കേസില്‍ ആരോപണം നേരിടുന്നു. പഞ്ചാബില്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തയതിന് നടപടി നേരിടുന്നു. ഈ കമ്പനിയെയാണ് എക്സൈസ് മന്ത്രി പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.