sathyan-06

മസ്തിഷ്കാഘാതം വന്ന് കിടപ്പിലായ തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി സത്യന്‍ അതിജീവനത്തിന്റെ പാതയിലാണ്. കുന്നിവാകയുടെ കൂറ്റന്‍ വേരില്‍ 36 ജീവികളുടെ രൂപങ്ങളാണ് സത്യന്‍ കൊത്തിയെടുത്തത്.

 

ഒറ്റ വേരില്‍ ആനയും പുലിയും മലമ്പാമ്പും അടങ്ങുന്ന 36 ജീവികളെ കൊത്തിയെടുത്ത സത്യന്‍ അതിജീവനത്തിന്‍റെ കഥ പറയുകയാണ്. മസ്തിഷ്കാഘാതം വരുത്തിയ ബാധ്യത തീര്‍ക്കാന്‍ സത്യന് ശില്‍പമാണ് ഇനി പ്രതീക്ഷ..

 

മസ്തിഷ്കാഘാതം വന്ന് കിടപ്പിലായ സത്യന്‍ പതിയെ ജീവിതത്തിലേക്ക് നടന്നു കയറിയപ്പോഴാണ് പഴക്കം ചെന്ന കൂറ്റന്‍ കുന്നിവാക വേര് കണ്ടത്. മരപ്പണിയെ ജീവനു തുല്യം സ്നേഹിക്കുന്ന ‌സത്യന് വേര് ഉടമകള്‍ സമ്മാനമായി നല്‍കി. പിന്നീടങ്ങോട്ട് രാപ്പകലില്ലാത്ത അദ്ധ്വാനമായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട പ്രയത്നത്തിനൊടുവില്‍ കൂറ്റന്‍ വേരില്‍ സത്യന്‍ കൊത്തിയെടുത്തത് 36 ജീവികളെ..

 

 ആന, പുലി, മലമ്പാമ്പ്, സിംഹ വാലന്‍ കുരങ്ങ്, മലയണ്ണാന്‍, നീര്‍നായ, ഗരുഡന്‍ തുടങ്ങി 36 ജീവികളെയാണ് സത്യന്‍ ഒറ്റ വേരില്‍ പണിതത്. വേരിന്‍റെ ഒരു ഭാഗം പോലും വിടാതെയാണ് സത്യന്‍റെ കരവിരുത്. ചിത്രം നോക്കിയല്ല മനസ്സില്‍ പതി‍ഞ്ഞ ചിത്രം കൊത്തിയെടുക്കുകയായിരുന്നെന്നാണ് സത്യന്‍ പറയുന്നത്. വീടിന്‍റെ മുന്‍ഭാഗത്ത് വെച്ചായിരുന്നു വിശ്രമമില്ലാത്ത ഉദ്യമം.

 

 ത‍ൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ സത്യന്‍ 44 വര്‍ഷമായി മരപ്പണിക്കാരനാണ്. നാലു വര്‍ഷം മുമ്പാണ് വിധി സത്യന്‍ വില്ലനായത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതോടെ സംസാര ശേഷി വരെ നഷ്ടപ്പെട്ടു. നീണ്ട കാലം ആശുപത്രിയിലായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സത്യന്‍ പ്രതീക്ഷയോടെയാണ് വേരില്‍ പണിഞ്ഞു തുടങ്ങിയത്. നല്ല മനസുള്ളവര്‍ നല്ല വിലക്ക് ശില്‍പം ഏറ്റെടുത്താല്‍ തന്‍റെ കടബാധ്യതകള്‍ തീര്‍ക്കാമെന്നാണ് സത്യന്‍ വിചാരിക്കുന്നത്.

stroke patient sathyan make root over statue