പ്രമുഖ എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ നോവലിസ്റ്റും  കഥാകൃത്തുമായിരുന്നു നോവലിസ്റ്റുമായിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ വസതിയിലായിരുന്നു അന്ത്യം. എണ്‍പത്തിയെട്ടുവയസ്സായിരുന്നു. സംസ്ക്കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.

 

ലളിതാംബിക അന്തർജനം മാധവിക്കുട്ടി എന്നിവരെപ്പോലെതന്നെ  മലയാള ഗദ്യത്തില്‍ ശ്രദ്ധേമായ സ്ഥാനംനേടിയ എഴുത്തുകാരിയാണ് സാറാ തോമസ്. വിവിധ ജീവിത സാഹചര്യങ്ങളിൽ മനുഷ്യൻ നേരിടുന്ന അസ്തിത്വ പ്രശനങ്ങളാണ് അവർ അന്വേഷിച്ചത്.  അതിനനുകൂലമായ ഭാഷാശൈലി രൂപപ്പെടുത്തിയെടുത്തു. മുപ്പത്തിനാലാംവയസ്സില്‍  ജീവിതമെന്ന നദി പ്രസിദ്ധപ്പെടുത്തിയെങ്കിലും 1971 ല്‍ പുറത്തുവന്ന മുറിപ്പാടുകളാണ് സാറാ തോമസ് എന്ന എഴുത്തുകാരിക്ക് വായനക്കാരുടെ മനസില്‍ ഇടം നേടിക്കൊടുത്തത്.ഇത്  പി എ ബക്കർ മണിമുഴക്കം എന്ന പേരിൽ സിനിമയാക്കി. ഇതിന് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. അസ്തമയം എന്ന ചിത്രത്തിനും സാറാ തോമസ് ആണ് തിരക്കഥ ഒരുക്കിയത്. 1980ല്‍ പവിഴ മുത്ത് എന്ന സാറാ തോമസിന്റെ നോവലും സിനിമയായി. ജേസി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പിൽഭാസിയാണ്.നാർമടി പുടവ എന്ന നോവലിന് 1979 ല്‍ സാറാ തോമസിന് കേരള സാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു.അച്ഛൻ്റെ ഇഷ്ടത്തിന് വഴങ്ങി വിവാഹിതയാകേണ്ടി വന്ന ബ്രാഹ്മണ യുവതിയാണ് ഇതില്‍ കേന്ദ്ര കഥാപാത്രം. ദൈവമക്കൾ എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം. സ്വന്തം രചനകളിൽ ഏറെ പ്രിയപ്പെട്ട കൃതിയാണിതെന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, തുടങ്ങിയവയിലും സാമൂഹ്യയാഥാര്‍ഥ്യങ്ങളുടെ നേര്‍ബിംബം കാണാം, എറ്റവും ഒടുവിലെഴുതിയ ഗ്രഹണത്തില്‍ മലയാളിയുവാവ് ജര്‍മന്‍ യുവതിയെ കല്യാണം കഴിക്കുന്നതും തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ്.നിരവധി ചെറുകഥകളും ലേഖനങ്ങളും എഴുതി.

 

തിരുവനന്തപുരത്ത് സബ്ബ് റജിസ്ട്രാർ ആയിരുന്ന ട്ടയം വഞ്ചിത്താറ്റില്‍ വർക്കി എം .മാത്യുവിന്‍റെയും സാറാമ്മ വർക്കിയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് സാറാ തോമസ്. കോട്ടൺഹിൽ സ്കൂളില്‍ നിന്ന് പത്താംക്ലാസ് പാസായി.വിമെൻസ് കോളജിൽ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ ശേഷം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സുവോളജിയിൽ ബിരുദമെടുത്തു. മെഡിക്കൽ കോളജ് പ്രഫസറായിരുന്ന ഡോ.തോമസ് സക്കറിയുമായി  വിവാഹം. അദ്ദേഹത്തിന്റെ അകമഴിഞ്ഞ  പ്രോല്‍സാഹനമാണ് സാറാ തോമസിനെ എഴുത്തിന്റെ ലോകത്ത് ഉയരങ്ങളിലെത്തിച്ചത്. തിരുവനന്തപുരം നന്ദാവനത്ത് ഉറ്റസുഹൃത്തായ സുഗതകുമാരിയുടെ വീടിന് സമീപമായിരുന്നു താമസം. 2008 ഡോക്ടര്‍ തോമസ് മരിച്ചതോടെ എഴുത്ത് കുറഞ്ഞു. പുറത്തധികം ഇറങ്ങാറുമുണ്ടായിരുന്നില്ല. 2010 ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കൂടുതല്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ക്ക് അര്‍ഹയായിരുന്നുവെങ്കിലും പരാതികളോ പരിദേവനങ്ങളോകൂടാതെ വിശ്രമജീവിത്തിലായിരുന്നു  സാറാതോമസ്.