മാലിന്യസംസ്കരണം പ്രതിസന്ധിയിലായ കൊച്ചിക്ക് മാതൃകയായി തുരുത്തിക്കര. കേരളത്തിലെ ആദ്യ ഹരിതഗ്രാമമായ തുരുത്തിക്കരയില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തുരുത്തിക്കരയെ മാലിന്യത്തില്‍നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ റൂറല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്‍ററാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 

 

എല്‍.ഇ.ഡി ബള്‍ബുകള്‍ക്കായി ആശുപത്രി. വീടുകളില്‍നിന്ന് ശേഖരിക്കുന്ന കേടായ ബള്‍ബുകള്‍ പരുക്ക് തീര്‍ത്ത് പ്രവര്‍ത്തനക്ഷമമായി വീണ്ടും ആവശ്യക്കാരിലേക്കെത്തും. ദിനംപ്രതി വര്‍ധിച്ചു വരുന്ന ഇ മാലിന്യത്തിന് തുരുത്തിക്കര മുന്നോട്ടുവയ്ക്കുന്ന പരിഹാരമാണ് ഈ ആശുപത്രി. എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രമല്ല, ഒരു കഷ്ണം പാഴ്തുണിയോ കേടായ ഒരു കുടയോ പോലും ഇവിടെ മറ്റൊരു രൂപത്തില്‍ പുനര്‍ജനിക്കും. 

 

വീടുകളിലെ അടുക്കളമാലിന്യ സംസ്കരണത്തിനായി ഓരോ വീടുകളിലും ബയോബിന്നുകളും ബയോഗ്യാസ് പ്ലാന്‍റുകളുമുണ്ട്. ജൈവമാലിന്യം ആഴ്ചകള്‍ക്കകം ജൈവ വളമായും ബയോഗ്യാസായും രൂപാന്തരപ്പെടും. ഇവയ്ക്ക് പുറമെ അക്വാപോണിക്സ് പ്രോല്‍സാഹിപ്പിക്കാനായി മല്‍സ്യഭവനം, സൗരോര്‍ജം പ്രയോജനപ്പെടുത്തി സൗരഭവനം, കോഴി വളര്‍ത്തല്‍ പ്രോല്‍ഹിപ്പിച്ച് മുട്ടഭവനം എന്നീ പദ്ധതികളും സയന്‍സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നു. മാറ്റം വീടുകളില്‍നിന്ന് തുടങ്ങി ഹരിതഗ്രാമമായി മാതൃക കാട്ടുകയാണ് തുരുത്തിക്കര.

 

Thuruttikkara is an example for model of waste management