കവിത എഴുതിയും പ്രകൃതിയെ പ്രണയിച്ചും സുഗതകുമാരി ജീവിച്ച വരദ ഓർമയാകുന്നു. തിരുവനന്തപരും നന്ദാവനത്ത് കവയിത്രി താമസിച്ച വരദയെന്ന വീടും സ്ഥലവും കുടുംബം സ്വകാര്യ വ്യക്തിക്ക് വിറ്റു. സുഗതകുമാരിക്ക് ഉചിതമായ സ്മാരകം സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനിടെയാണ് വിൽപ്പന. 

 

സുഗതകുമാരി, വരദ, നന്ദാവനം, തിരുവനന്തപുരം. എഴുത്തുകാർക്കും പരിസ്ഥിതി പ്രവർത്തർക്കും മാത്രമല്ല, നിരാംലബരായ ആയിരങ്ങൾക്ക് അഭയ തണലേകിയ മേൽവിലാസത്തിന്റെ ഓർമകൾ മായുകയാണ്. ഓർമകൾ ഒരുപാട് ഉറങ്ങുന്ന വരദ കൈമറിഞ്ഞുക്കഴിഞ്ഞു. കാട്ടാക്കട സ്വദേശിയാണ് സുഗതകുമാരിയുടെ മകൾ ലക്ഷ്മിയിൽ നിന്ന് വീട് വാങ്ങിയത്. കവയിത്രിയുടെ പുസ്തകങ്ങളും ഏറ്റുവാങ്ങിയ പുരസ്കാരങ്ങളും കൈയ്യെഴുത്തുകളും അമൂല്യ രേഖകളും എല്ലാം വീടൊഴിഞ്ഞു. 

 

സുന്ദർലാൽബഹുഗുണയും മേധാപട്കറുമൊക്കെ വിശ്രമിച്ച മുൻപിലുണ്ടായിരുന്ന ചെറിയ മുറി പൊളിച്ചുനീക്കിക്കഴിഞ്ഞു. പുതിയ ഉടമകളിൽ നിന്ന് വീട് തിരികെവാങ്ങി സർക്കാർ നേരത്തെ പ്രഖ്യാപിച്ച സ്മാരകം സ്ഥാപിക്കണമെന്ന ആവശ്യമാണ് ഇഷ്ടക്കാർക്ക്.  അമ്മയ്ക്കും കൊച്ചുമക്കൾക്കും നൂറു കിളികൾക്കും നല്ല നാളെയ്ക്കും വേണ്ടി തൈനടാൻ സുഗതകുമാരി നമ്മോട് പറഞ്ഞ ഈ മുറ്റവും തണലും  വരുംതലുമുറയ്ക്ക് ഓർമച്ചെപ്പായി അവശേഷിക്കുമെന്ന് പ്രതീക്ഷിക്കാം.