അനധികൃത മദ്യവില്‍പന ഭാര്യ ചോദ്യം ചെയ്തതില്‍ കുപിതനായ ഗൃഹനാഥന്‍ വീട് തീ വച്ച് നശിപ്പിച്ചു. വീടിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന ഏഴ് പൊന്തുവള്ളങ്ങളും മല്‍സ്യബന്ധന ഉപകരണങ്ങളും കത്തിനശിച്ചു. അമ്പലപ്പുഴ പുന്നപ്രയിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. തീ കത്തുന്നത് കണ്ട പ്രദേശവാസികള്‍ വിവരം അഗ്നിശമന സേനയിലറിയിക്കുകയായിരുന്നു. തകഴിയില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. 

 

പുറക്കാട് സ്വദേശി കുഞ്ഞുമോനാണ് വീടിന് തീ വച്ചതെന്ന് ഭാര്യ അജിതകുമാരി പൊലീസില്‍ പരാതി നല്‍കി. അനധികൃത മദ്യവില്‍പനക്കേസില്‍ ജയിലിലായിരുന്ന കുഞ്ഞുമോന്‍ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യം വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് കുടുംബ വഴക്ക് തുടങ്ങിയത്. ഇതോടെ ബന്ധുവെത്തി അജിതകുമാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കുഞ്ഞുമോന്‍ വീടിന് തീയിടുകയായിരുന്നു. മക്കളുടെ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളുമടക്കം കത്തി നശിച്ചു. കു‌ഞ്ഞുമോനെതിരെ പൊന്തുവള്ളങ്ങളുടെ ഉടമകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. പൊലീസ് തിരച്ചില്‍ തുടരുന്നു. 

 

Man set fire to house