Firefighters work to clear a firebreak as the Palisades Fire, one of several simultaneous blazes that have ripped across Los Angeles County, burns in Mandeville Canyon, a neighborhood of Los Angeles, California, U.S., January 12, 2025. REUTERS

ലൊസാഞ്ചലസില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമന സേനാംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും അക്ഷീണം പ്രയത്നിക്കുന്നതിനിടെ കൊള്ളയ്ക്കിറങ്ങിയ മോഷ്ടാവ് പിടിയില്‍. മാലിബു മേഖലയിൽ കാട്ടുതീ ആളിക്കത്തുന്നതിനിടെ അഗ്നിശമനാ സേനാംഗത്തിന്‍റെ വേഷം ധരിച്ച് വീടുകള്‍ കൊള്ളയടിച്ച ഒരാളെ അറസ്റ്റ് ചെയ്തതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. ജനുവരി 12ന് നടത്തിയ പത്രസമ്മേളനത്തില്‍ ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്‍റ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

താന്‍ മാലിബുവില്‍ എത്തിയപ്പോള്‍ ഒരു അഗ്നിശമന സേനാംഗം അവിടെ ഇരിക്കുന്നത് കണ്ട്. നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് താന്‍ ചോദിച്ചുവെന്നും എന്നാല്‍ യുവാവിന്‍റെ കൈകളില്‍ വിലങ്ങുള്ളത് പിന്നീടാണ് ശ്രദ്ധിച്ചതെന്നും തമാശരൂപേണ ഷെരീഫ് റോബർട്ട് ലൂണ പത്രസമ്മേളനത്തിനിടെ പറഞ്ഞു. ഒരു വീട്ടില്‍ കൊള്ള നടത്തുന്നതിനിടെയാണ് യുവാവ് പിടിക്കപ്പെടുന്നത്. ലൊസാഞ്ചലസില്‍ കാട്ടുതീ പടര്‍ന്ന് ഇതുവരെ വിവിധ കുറ്റകൃത്യങ്ങളിലായി ഏകദേശം 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രി നഗരത്തിൽ കർഫ്യൂ ഉത്തരവ് ലംഘിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തലേദിവസം രാത്രി അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, പ്രാദേശിക സമയം വൈകുന്നേരം 6 മുതൽ രാവിലെ 6 വരെയും കർഫ്യൂ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാന്‍ സാധ്യതയുണ്ടെന്നും ഇതുവരെ കാട്ടുതീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനായിട്ടില്ലെന്നും അധികൃതർ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. അതേസമയം കാട്ടുതീയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. മരിച്ചവരിൽ എട്ട് പേരെ പാലിസെയ്ഡ്സ് ഫയർ സോണിലും 16 പേരെ ഈറ്റൺ ഫയർ സോണിലുമാണ് കണ്ടെത്തിയത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറുകയാണ് ലൊസാഞ്ചലസിലെ കാട്ടുതീ. നഷ്ടം ഇതിനകം 135 ബില്യൺ കവിഞ്ഞു.

ENGLISH SUMMARY:

A looter dressed as a firefighter has been arrested for looting homes in Malibu during the Los Angeles wildfires. The Sheriff's Department has arrested several others for theft and curfew violations.