‘പലതും പറയാനുണ്ട്.. നേരിട്ട് ലൈവിൽ വരാം..’ പ്ലസ് ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഷാജിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ദൈവത്തിനും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞുെകാണ്ടുള്ള കുറിപ്പാണ് ഫെയ്സ്ബുക്കില്‍ അദ്ദേഹം പങ്കിട്ടത്.
‘അതിനാല്‍, ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടാവുക തന്നെ ചെയ്യും, തിർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്.. (വിശുദ്ധ ഖുർആൻ -94 /5-6) അൽഹംദു ലില്ലാഹ്. രാഷ്ട്രീയ വൈരം തീർക്കാൻ, എനിക്കെതിരായി കെട്ടിച്ചമച്ച അഴിമതിക്കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു.സന്തോഷമുണ്ട്.! സർവ്വശക്തനായ അല്ലാഹുവിന് സ്തുതി. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി. പലതും പറയാനുണ്ട്. നേരിട്ട് ലൈവിൽ വരാം; ഇൻ ഷാ അല്ലാഹ്’ അദ്ദേഹം കുറിച്ചു. ഷാജിയുടെ ചിത്രം പങ്കിട്ട് യൂത്ത് ലീഗ് നേതാക്കളും രംഗത്തെത്തി.
2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ജനുവരിയിലാണ് കെ.എം.ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് റജിസ്റ്റർ ചെയ്തത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവൻ പദ്‌മനാഭൻ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്.
തുടര്‍ന്ന് ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലന്‍സ് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ പണം തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. രേഖകളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പണം തിരിച്ചുനൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.