കെഎസ്ഇബി സ്മാര്‍ട് മീറ്റര്‍ പദ്ധതിക്കെതിരെ ഭരണ-പ്രതിപക്ഷ സംഘടനകള്‍ ഒന്നിക്കുന്നു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യുസി നേതാക്കള്‍ ഒരുമിച്ച് നാളെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേരുന്നു. ബദല്‍ നിര്‍ദ്ദേശം സംഘടകള്‍ മുന്നോട്ടുവച്ചിട്ടും വന്‍ബാധ്യത വരുത്തുന്ന ടോട്ടക്സ് മാതൃകയുമായി വൈദ്യുതി ബോര്‍ഡ് മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.
വിശദചര്‍ച്ചകള്‍ക്കുശേഷം, നയപരമായ തീരുമാനമെടുത്തശേഷമെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കൂവെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി കഴിഞ്ഞമാസം 20 ന് സംഘടനകളുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചിരുന്നു . ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും വൈദ്യുതി ബോര്‍ഡ് ടെന്‍ഡര്‍നടപടികളുമായി മുന്നോട്ടുപോകുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഭരണപ്രതിപക്ഷ സംഘടനകളുടെ സംയുക്ത സമരം.നാളെ രാവിലെ ബിടിആര്‍ ഭവനില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്റെ അധ്യക്ഷതയില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരിം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനാണ് മുഖ്യപ്രഭാഷണം. ടോട്ടല്‍ എക്സപെന്‍ഡിച്ചര്‍ അഥളാ ടോട്ടക്സ് രീതിയില്‍ സ്മാര്‍ട് മീറ്റര്‍ പദ്ധതി നടപ്പാക്കരുതെന്നാണ് മുഖ്യ ആവശ്യം.പദ്ധതി പൊതുമേഖലയില്‍ നിലനിര്‍ത്തണം. പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കുന്നതിന് ഒരുഉപഭോക്താവിന് 9000 രൂപ മുടക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടുണ്ട്.ബോര്‍ഡിന് 7830 കോടിരൂപയുടെ അധിക ബാധ്യതവരുമെന്നും. ഉപയോക്താവ് സ്മാര്‍ട് മീറ്ററിന് വേണ്ടിവരുന്ന തുക 93 മാസം കൊണ്ട് സേവന ദാതാവിന് നല്‍കണം. പ്രതിമാസം350 രൂപ വൈദ്യുതി നിരക്ക് നല്‍കുന്നവര്‍ 150 രൂപഅധികം നല്‍കേണ്ടിവരും.ഈ ചെലവ് കുറയ്ക്കാനാകുമെന്നാണ് സംഘടനകളുടെവാദം. ബദല്‍പദ്ധതി നിര്‍ദ്ദേശവും അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.