ബ്ളീച്ചിങ് പൗഡർ കച്ചവടത്തിൽ നിന്ന് KMSCL നിലവിലുള്ള കമ്പനികളെ ഒഴിവാക്കും. സ്ഥല ലഭ്യത കുറഞ്ഞയിടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന ബ്ളീച്ചിങ് പൗഡറിന് തീപിടിക്കാമെന്നും അതീവ  ജാഗ്രത വേണമെന്നും പറയുന്ന KMSCL ജനറൽ മാനേജരുടെ ഓഡിയോ സന്ദേശം മനോരമ ന്യൂസിന് ലഭിച്ചു. അതേ സമയം വിതരണം ചെയ്ത ബ്ളീച്ചിങ് പൗഡർ നിശ്ചിത ഗുണനിലവാരം പാലിച്ചിരുന്നുവെന്നാണ് പ്രാഥമിക പരിശോധനാ ഫലം.

ആദ്യം കൊല്ലത്ത്, പിന്നെ തിരുവനന്തപുരത്തും ആലപ്പുഴയിലും 10 ദിവസത്തിനിടെയുണ്ടായ 3 തീപിടിത്തത്തിൻ്റെ കാരണമറിയാതെ ഉഴലുകയാണ് ഇപ്പോഴും KM SCL . ബ്ളീച്ചിങ് പൗഡർ ഇടപാടിനെക്കുറിച്ചും ഗുണമേന്മയേക്കുറിച്ചും സംശയമുയർന്നതോടെ നിലവിൽ വിതരണം നടത്തിയ പാർക്കിൻസ് എൻ്റർപ്രൈസസ്, ബങ്കെബിഹാരി കെമിക്കൽസ് എന്നീ കമ്പനികളുമായുള്ള കരാർ റദ്ദാക്കും.

അതേ സമയം മഴക്കാലമടുത്തതോടെ ആവശ്യകത കൂടും. ഇത് മുന്നിൽക്കണ്ട്  പ്രാദേശികമായി കൂടുതൽ ബ്ളീച്ചിങ് പൗഡർ വാങ്ങാനാണ് നീക്കം. മുഴുവൻ സ്റ്റോക്കും തിരിച്ച് കൊടുത്ത് തടിയൂരുമെന്ന് വ്യക്തമാക്കുന്ന വെയർഹൗസ് മാനേജർമാർക്കയച്ച KM SCL ജനറൽ മാനേജരുടെ ഓഡിയോ സന്ദേശവും പുറത്തായി. 

ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പ്രാഥമിക  പരിശോധനയിൽ ബ്ളീച്ചിങ് പൗഡറിൻ്റെ കൂട്ടുകളിൽ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി.അടുത്തയാഴ്ചയോടെ രാസപരിശോധന ഫലം വരുമ്പോൾ മാത്രമേ തീ പിടിത്തത്തിൻ്റെ യഥാർഥ കാരണം വ്യക്തമാകു .

KMSCL will exclude existing companies from bleaching powder business