ആരോഗ്യവകുപ്പിനു കീഴിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയതായി സ്ഥിരീകരിച്ച് തൊഴില്‍ വകുപ്പ്. നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് തൊഴില്‍ മന്ത്രിയുടെ സ്ഥിരീകരണം. കെ.എം.എസ്.സി.എല്‍ നിയമനങ്ങളില്‍ ഗുരുതര ക്രമക്കേടെന്നാണ് നിയമ സഭാരേഖ വ്യക്തമാക്കുന്നത്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ എന്നായിരുന്നു നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യം. അനധികൃത നിയമനങ്ങള്‍ നടക്കുന്നതായി ലഭിച്ച പരാതിയില്‍ തിരുവനന്തപുരം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ താല്‍ക്കാലിക തസ്കികകളില്‍ സ്ഥാപനം നേരിട്ട് നിയമനം നടത്തിയതായി കണ്ടെത്തിയെന്നാണ് മന്ത്രി വി ശിവന്‍കുട്ടി നല്കിയ മറുപടി.
Also Read; ആദിവാസി വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണം മുടങ്ങി; ഉച്ചവരെ പട്ടിണി
പിഎസ് സി യുടെ പരിധിയില്‍ വരാത്ത എല്ലാ നിയമനങ്ങളും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം എന്ന ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്ഥാപനം നേരിട്ട് നടത്തിയ നിയമനങ്ങള്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താന്‍ നിര്‍ദേശം നല്കിയെന്നാണ് മറുപടി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ നിയമനങ്ങളില്‍ വ്യാപക നിയമ ലംഘനം നടക്കുന്നെന്നാണ് തൊഴില്‍ മന്ത്രി നിയസഭയില്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലാ എംപ്ളോയ്മെന്റ് ഓഫിസര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കെ എം എസ് സി എല്‍ ആസ്ഥാനത്തെ 151 നിയമനങ്ങളില്‍ ചട്ടലംഘനം നടന്നെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്തെ ആസ്ഥാനത്തെ മാത്രം നിയമന വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി ഇത്രയധികം നിയമനങ്ങള്‍ നടന്നതായി കണ്ടെത്തിയത്. മറ്റിടങ്ങളിലെ നിയമനങ്ങളിലും ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്.