കര്‍ണാടകയിലെ പാല്‍വിതരണ ശൃംഖലയായ 'നന്ദിനി' കേരളത്തില്‍ ഔട്‍ലറ്റുകള്‍ തുറന്നതിനെ എതിര്‍ക്കാനാവില്ലെന്ന് ക്ഷീരവികസനമന്ത്രി ജെ.ചിഞ്ചുറാണി. കമ്പോളങ്ങളില്‍ ഏതുസാധനവും വിപണനം നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് മന്ത്രി മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. സംസ്ഥാനത്ത് മൂന്നിടത്ത് 'നന്ദിനി' ഔട്‍ലറ്റുകള്‍ ആരംഭിച്ച സാഹചര്യത്തിലാണ് മന്ത്രിയോട് അഭിപ്രായം തേടിയത്.
ഏതെല്ലാം തരം പാലാണ് കേരളത്തിലേക്ക് വരുന്നതെന്ന് പറയാനാവില്ല. 'നന്ദിനി' ഔട്‍ലന്റിന്റെ വിഷയം സര്‍ക്കാരിനുമുന്നില്‍ വന്നിട്ടില്ല. പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തി കൈവരിക്കുക, മില്‍മ പാല്‍ കേരളത്തില്‍ ഉപയോഗിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലേതാണെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതാണ്. പുറത്തുനിന്നുവന്ന പതിനായിരക്കണക്കിന് ലീറ്റര്‍ പാല്‍ സംസ്ഥാന അതിര്‍ത്തിയില്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ മായം കണ്ടെത്തിയത് ജനങ്ങള്‍ മറന്നിട്ടില്ല. അതുകൊണ്ട് ഏത് പാല്‍ ഉപയോഗിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. 'നന്ദിനി'യെയോ മറ്റ് പാല്‍ ബ്രാന്‍ഡുകളെയോവെല്ലുവിളിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. പുറത്തുനിന്നുവരുന്ന പാല്‍ സൂക്ഷിച്ചുമാത്രമേ ഉപയോഗിക്കാവൂ എന്നുമാത്രമാണ് ജനങ്ങളോട് പറയാനുള്ളതെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
കര്‍ണാടകയില്‍ 'അമുല്‍' പാല്‍ വില്‍ക്കാന്‍ അനുമതി നല്‍കിയതിന്റെ പേരില്‍ നിയമസഭാതിരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കര്‍ണാടകയുടെ സ്വന്തം ബ്രാന്‍ഡായ 'നന്ദിനി'യെ തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമെന്നാണ് ക്ഷീരകര്‍ഷകരും പ്രതിപക്ഷവും അതിനെ വിശേഷിപ്പിച്ചത്. ഗോബാക്ക് അമുല്‍, സേവ് നന്ദിനി തുടങ്ങിയ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് സമൂഹമാധ്യമങ്ങളിലും വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേ 'നന്ദിനി' ബ്രാന്‍ഡ് 'മില്‍മ'യെ വെല്ലുവിളിച്ച് കേരളത്തില്‍ പ്രവേശിക്കുന്നതിനെതിരെ സംസ്ഥാനത്തെയും ക്ഷീരകര്‍ഷകരും ഫെഡറേഷനുകളും പ്രതിഷേധമുയര്‍ത്തിയിരുന്നു.