കായംകുളത്തെ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് മാത്രമേ വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളു എന്ന് പിടിയിലായ എജൻസി ഉടമ സജു എസ് ശശിധരന്റെ മൊഴി. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കൊച്ചിയിലെ ഓറിയോൺ എഡ്യു വിങ്ങ് സ്ഥാപന നടത്തിപ്പുകാരൻ സജു എസ്.ശശിധരൻ ഇന്നലെ രാത്രിയിലാണ് പിടിയിലായത്. കേസിെല മുഖ്യപ്രതി നിഖിൽ തോമസിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. നിഖിലിന് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയ അബിൻ സി.രാജിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകും.

 

കൊച്ചിയിലെ ഓറിയോൺ എഡ്യു വിങ് സ്ഥാപനമുടമ സജു ശശിധരനിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിൽ നിഖിൽ തോമസിന് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകിയത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇന്നലെ രാത്രിയാണ് വ്യാജ സർട്ടിഫിക്കറ്റ് കേസിലെ മൂന്നാം പ്രതിയായ സജു ശശിധരനെ പൊലീസ് കസ്റ്റഡിയിലടുക്കുന്നത്. നിഖിൽ തോമസിന് സജുവിന്റെ എജൻസി വഴിയാണ് സുഹൃത്തും മുൻ എസ്.എഫ്.ഐ നേതാവുമായ അബിൻ സി.രാജ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. രണ്ടു ലക്ഷം രൂപയാണ് സർട്ടിഫിക്കറ്റിനും മറ്റ് രേഖകൾക്കുമായി നിഖിൽ തോമസ്, അബിൻ സി.രാജിന് നൽകിയത്.

 

ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയാണ് എജൻസി ഉടമ നൽകിയത്. നിഖിലിനെ കൂടാതെ മറ്റാർക്കെങ്കിലും സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം ഒന്നാം പ്രതി  നിഖിൽ തോമസിന്റെ 7  ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. രണ്ടാം പ്രതി അബിൻ സി രാജിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. നിഖിലിന്റെ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷയും കോടതിയിൽ നൽകും.