നാലുവര്‍ഷ ബിരുദകോഴ്സിനെ കുറിച്ച് മന്ത്രി ആര്‍.ബിന്ദു നല്‍കുന്ന ഓറിയന്‍റേഷന്‍ ക്ലാസ് വിവാദമാകുന്നു. അധ്യാപകര്‍ക്ക് മന്ത്രി നേരിട്ട് ക്ലാസ് നല്‍കുന്നത് സുപ്രീം കോടതി വിധിക്കും സര്‍വകലാശാലാ ചട്ടങ്ങള്‍ക്കും എതിരാണെന്ന വാദവുമായി സേവ് യൂണിവേഴ്സിറ്റി സമിതി രംഗത്തെത്തി. ബിരുദകോഴ്സുകള്‍ക്ക് കേരള സര്‍വകലാശാല ഫീസ് ഉയര്‍ത്തിയത് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ഈ മാസം 28 നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ഒാണ്‍ലൈനായി സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകര്‍ക്ക് ഒാറിയന്‍റേഷന്‍ ക്്ളാസ് നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കിയതോടെയാണ് സംഭവം വിവാദമായത്. നാലുവര്‍ഷ ബിരുദകോഴ്സിനെ കുറിച്ചുള്ള ക്്ളാസില്‍ നിര്‍ബന്ധമായി എല്ലാ അധ്യാപകരും പങ്കെടുക്കണം, ആ സമയത്ത് കോളജുകള്‍ക്കും പഠന വകുപ്പുകള്‍ക്കും അവധി നല്‍കണം, ആവശ്യമെങ്കില്‍പരീക്ഷകള്‍പോലും പുനക്രമീകരിക്കണം എന്ന് ഉത്തരവ് പറയുന്നു.
നാലുവര്‍ഷ ബിരുദകോഴ്സുകള്‍ക്ക് കേരള സര്‍വകലാശാല കുത്തനെ ഫീസ് ഉയര്‍ത്തിയതും വിമര്‍ശനവിധേയമായിട്ടുണ്ട്. ഗസ്്റ്റ് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനും പഠന സൗകര്യങ്ങള്‍ ഉറപ്പാക്കാനുമാണ് ഫീസ് വര്‍ധന എന്നാണ് സര്‍വകലാശാല പറയുന്നത്. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡ് സ്ഥിരം അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം പെന്‍ഷന്‍ എന്നിവകൊടുക്കാന്‍പോലും തികയാത്തതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരള സര്‍വകലാശാല.