'പൊന്നേമാനേ....കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ ശിക്ഷിക്കല്ലേ... കുടുംബകലഹം ഉണ്ടാക്കി കുടുംബം താറുമാറാക്കല്ലേ' . ഹെൽമറ്റ് ധരിക്കാതെ പുരുഷനും സ്ത്രീയും ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രം സഹിതം 2500 രൂപ പിഴ അടയ്ക്കാനുള്ള മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് കിട്ടിയ മൂവാറ്റുപുഴ സ്വദേശി അഷ്റഫ് മാണിക്യം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കായി പങ്കുവച്ച സാമൂഹിക മാധ്യമ കുറിപ്പാണിത്. മറ്റാരോ നടത്തിയ ഗതാഗത ലംഘനത്തിനു പേരും മേൽവിലാസവും മാറി പിഴയടയ്ക്കാൻ നോട്ടിസ് കിട്ടിയ അഷ്റഫ് എഐ ക്യാമറ സംവിധാനത്തിലെ തകരാർ കൂടിയാണു ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പെരുമറ്റം മാണിക്യമംഗലം വീട്ടിൽ അഷ്റഫിനു മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് ലഭിച്ചത്. ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രവും ഗതാഗത നിയമം ലംഘിച്ചതിനു 2500 രൂപ പിഴ അടയ്ക്കണം എന്നും നിർദേശിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നോട്ടിസാണു അഷ്റഫിനു ലഭിച്ചത്. അയച്ചു നൽകിയ ചിത്രത്തിലെ ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ സൂക്ഷ്മമായി പരിശോധിച്ചതോടെയാണ് വ്യക്തമായതെന്നു അഷ്റഫ് മാണിക്യം പറയുന്നത്.

മകന്റെ പേരിലുള്ള KL 17 P 475 നമ്പറിലുള്ള ബൈക്ക് ഇപ്പോൾ അഷ്റഫ് മാണിക്യമാണ് ഉപയോഗിക്കുന്നത്. കൊച്ചി– ധനുഷ്കോടി റോഡിൽ പെരുമറ്റത്ത് ബൈക്ക് ഓടിച്ചു പോകുന്ന ചിത്രമാണ് അഷ്റഫിനു കിട്ടിയ നോട്ടിസിൽ ഉണ്ടായിരുന്നത്. എന്നാൽ ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ അഷ്റഫ് മാണിക്യത്തിന്റെ ബൈക്കിന്റേത് ആയിരുന്നില്ല. നോട്ടിസിലെ ചിത്രത്തിലുള്ളവരും ബൈക്കുമായി അഷ്റഫിനു ബന്ധവുമില്ലെന്നും കണ്ടെത്തി.