ഇത്തവണത്തെ ക്രിസ്മസിന് കോലഞ്ചേരി സ്വദേശി പുല്ലുകാലായിൽ ജോയിയുടെ വീട്ടിൽ ആഘോഷങ്ങൾ ഒന്നുമില്ല. വൃക്കരോഗം ബാധിച്ച ജോയി ഇനി മുന്നോട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ്. വൃക്ക മാറ്റിവയ്ക്കാൻ ജോയിക്ക് സുമനസുകളുടെ കനിവ് കൂടിയേ തീരൂ.
കൂട്ടുകാരെല്ലാം പുൽക്കൂടുണ്ടാക്കിയും സ്റ്റാറുകൾ തൂക്കിയും ആഘോഷിക്കുമ്പോൾ ആൻ മരിയയുടെയും അൻ മിയയുടെയും വീട്ടിൽ മാത്രം ക്രിസ്മസ് എത്തിയിട്ടില്ല. കുഞ്ഞുമക്കൾക്ക് പക്ഷേ പരാതിയില്ല. വൃക്ക രോഗിയായ അച്ഛൻ ജോയിയുടെ നിസഹായാവസ്ഥ അവർക്ക് നന്നായി അറിയാം.
ചുമട്ട് തൊഴിലാളിയായിരുന്ന ജോയി രോഗം സ്ഥിരീകരിച്ച ശേഷം ജോലിക്ക് പോയിട്ടില്ല. നാട്ടുകാരിൽ ചിലർ സഹായിച്ചാണ് ചെലവിനുള്ള വക കണ്ടെത്തുന്നത്. സാന്റാ വരുന്നതും കാത്തിരിക്കുകയാണ് ആൻ മരിയയും ആൻ മിയയും. സമ്മാനമായി പുത്തനുടുപ്പോ, മിഠായികളോ, പാവക്കുട്ടികളോ അവർക്ക് വേണ്ട. അപ്പയുടെ അസുഖം മാറണം. അടുത്ത ക്രിസ്മസിന് വീട് നിറയെ നക്ഷത്രങ്ങൾ തൂക്കണം. സാന്‍റാക്ലോസിനെ പോലെ കൈ നിറയെ സഹായങ്ങളുമായി സുമനസുകളെയും കാത്തിരിക്കുകയാണ് ഈ കുടുംബം.