മുതലപ്പൊഴിയില്‍ മറിഞ്ഞ വള്ളം

മുതലപ്പൊഴിയില്‍ ബോട്ടുമറിഞ്ഞ് കാണാതെയായ പുതുക്കുറിച്ചി തൈവിളാകം വീട്ടില്‍ ബിജുവിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് മൂന്ന് പെണ്‍മക്കള്‍. അമ്മ വിദേശത്തായതിനാല്‍ അമലയ്ക്കും ബിനിലയ്ക്കും അനാമികയ്ക്കും അപ്പനും അമ്മയും ബിജു തന്നെ ആയിരുന്നു. ചെറുപ്പം മുതലേ കടലില്‍ പോയി പരിചയമുള്ള ബിജുവിനെ കടല്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് മക്കള്‍ മൂന്നുപേരും. സുരക്ഷിതനായി എത്രയും വേഗം അപ്പന്‍ മടങ്ങിവരണേയെന്ന് ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ് ഇവര്‍. 

ഇസ്രയേലിലാണ് ബിജുവിന്റെ ഭാര്യ മെര്‍ലിന്‍. കുടുംബത്തിന്റെ അഭിവൃദ്ധിയും മക്കളുടെ മെച്ചപ്പെട്ട ജീവിതവും സ്വപ്നം കണ്ടാണ് മെര്‍ലിന്‍ വിദേശത്തേക്ക് പോയത്. അപകട വിവരം മെര്‍ലിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷിതമായി ബിജു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഒരു ഗ്രാമം. ബിജുവിനായി മുതലപ്പൊഴിയില്‍ തിരച്ചില്‍ തുടരുകയാണ്. ബിജുവിനൊപ്പമുണ്ടായിരുന്ന കുഞ്ഞുമോന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഒരാഴ്ചയായി കടലില്‍ പോകാതിരുന്നതിന് ശേഷമാണ് കുഞ്ഞുമോനും ബിജുവും കഴി‍ഞ്ഞ ദിവസം ബോട്ടുമായി പോയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട  വള്ളം  പുലിമുട്ടുകൾക്കിടയിൽ ശക്തമായ തിരയിൽ പെട്ട് മറിയുകയായിരുന്നു.

 

Search continues in Muthalappozhi