നന്ദി പ്രതീക്ഷിക്കാതെ നന്മകളുടെ ഭാഗമായ രാഷ്ട്രീയനേതാവിന്റെ ഇടപെടലിൽ ജീവിതത്തിന്റെ മറുകരയിലേക്ക് ടേക്ക് ഓഫ് നടത്തിയവർ നിരവധിയാണ്. ഇറാഖിലെ ഭീകരാക്രമണങ്ങൾക്കിടയിൽനിന്ന് മലയാളി നഴ്‌സുമാരെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചതിനെ കുറിച്ചുപറഞ്ഞ ടേക്ക് ഓഫ് എന്ന ചിത്രത്തിൽ സുഷമ സ്വരാജിന് നന്ദി പറഞ്ഞേ തന്നെ പരാമർശിക്കാവൂ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ. 2014ൽ ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്ന ഇറാഖിലെ തിക്രിത്തിൽനിന്ന് മലയാളി നഴ്‌സുമാരെ നാട്ടിലെത്തിച്ചതിൽ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനൊപ്പം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഇടപെടലും നിർണായകമായിരുന്നു.
2017ൽ ഈ സംഭവം ടേക്ക് ഓഫ് എന്ന പേരിൽ സിനിമയായപ്പോൾ ടൈറ്റിൽ കാർഡിൽ നന്ദി എഴുതി കാണിക്കുന്നതിന് അനുമതി തേടി നിർമാതാവ് ആന്റോ ജോസഫ് ഉമ്മൻചാണ്ടിയെ സമീപിച്ചിരുന്നു. എന്നാൽ തന്റെ പേര് വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ആദ്യം വയ്ക്കേണ്ട പേര് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റേതാണെന്നും അതിന് താഴെ മാത്രമെ തന്റെ പേര് വരാവൂയെന്നും ഉമ്മൻചാണ്ടി ആന്റോ ജോസഫിനോട് പറഞ്ഞു. സുഷമ സ്വരാജിന്റെ സഹായം ഇല്ലായിരുന്നുവെങ്കില്‍ നഴ്‌സുമാരുടെ മോചനം സാധ്യമാവില്ലായിരുന്നുവെന്നും ഉമ്മൻചാണ്ടി ഓർമിപ്പിച്ചു. ഏവരും ഉറ്റുനോക്കിയതും വാർത്താപ്രാധാന്യം നേടിയതുമായ സംഭവമായിട്ടും ഒരു തരത്തിലുമുള്ള രാഷ്ട്രീയ നേട്ടത്തിനും ശ്രമിച്ചില്ലെന്നതിനും അപ്പുറം അർഹതപ്പെട്ടവരെ ഓർക്കുകയും ചെയ്ത ഉമ്മൻചാണ്ടിയെ കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് തന്നെ പലവട്ടം തുറന്നുപറഞ്ഞു.
ടേക്ക് ഓഫ് സിനിമ ഭീകരതയ്‌ക്കെതിരെ മനുഷ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്ന് പ്രതീഷിക്കുന്നുവെന്ന് പിൽക്കാലത്ത് സിനിമയുടെ റിലീസ് സമയത്ത് ഉമ്മൻചാണ്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെയും വിദേശ മന്ത്രാലയത്തിന്റെയും പൂർണ്ണ പിന്തുണ ലഭിച്ചതും ഉമ്മൻചാണ്ടി അന്ന് നന്ദിപൂർവം സ്മരിച്ചു. യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനകാര്യമായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരനെ ഒടുവില്‍ കണ്ടപ്പോള്‍ ആരാഞ്ഞത്.
Anto Joseph about Oommen Chandy