സംസ്ഥാനത്ത് വീണ്ടും വ്യാപക മഴ മുന്നറിയിപ്പ്. മൂന്ന് ചക്രവാതച്ചുഴികളും ന്യൂനമര്‍ദ സാധ്യതയും കണക്കിലെടുത്താണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിദർഭക്കും ഛത്തീസ്ഗഢിനും മുകളിലും, തെക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് കിഴക്കൻ ഗുജറാത്തിനും മുകളിലുമായും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായുമാണ് നിലവില്‍ ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ നാളെയോടെ (ജൂലൈ 24) വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി ഒഡിഷ- ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
അതേസമയം അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറു ജില്ലകളിൽ യെലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഉയർന്ന തിരമാല ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
Heavy rain alert in Kerala