കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ എം.ബി.ബി.എസ് ബിരുദ സര്‍ട്ടിഫിക്കറ്റ് അച്ഛനും അമ്മയും ചേര്‍ന്ന് ഏറ്റുവാങ്ങി. തൃശൂര്‍ ആരോഗ്യ സര്‍വകലാശാല ആസ്ഥാനത്തായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. 

മകള്‍ കൈപ്പറ്റേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റായിരുന്നു അഛ്ഛനും അമ്മയും ഏറ്റുവാങ്ങിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെയായിരുന്നു വന്ദന ദാസ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ കൂട്ടത്തില്‍ വന്ദനയും ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, വിധി മറ്റൊന്നായെന്നു മാത്രം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യില്‍ നിന്ന് വന്ദനയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് അച്ഛനും അമ്മയും വാങ്ങുമ്പോള്‍ കണ്ണുനിറഞ്ഞു. സദസിലുള്ളവരേയും ഈ കാഴ്ച നൊമ്പരപ്പെടുത്തി. വന്ദനയുെട അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകരുതേയെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. 

വന്ദനയുടെ അച്ഛൻ മോഹൻ ദാസും അമ്മ വസന്ത കുമാരിയും മകളുടെ മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുമായി മടങ്ങി. മകള്‍ ഇല്ലാതെ എന്തിനീ സര്‍ട്ടിഫിക്കറ്റ് എന്നായിരുന്നു ഇരുവരുടേയും പ്രതികരണം. കാമറയ്ക്കു മുമ്പില്‍ ഒന്നും പറയാനില്ലെന്ന് പറഞ്ഞാണ് ഇരുവരും മടങ്ങിയത്.