കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ഒന്നാംപ്രതി സതീഷ് കുമാർ എന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ . ബെനാമി വായ്പ ഇടപാടുകളിലൂടെ കിരൺ തട്ടിയെടുത്ത 24.5 കോടി രൂപയിൽ 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും അന്വേഷണസംഘം. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും മൂന്നുദിവസം ഇ ഡി കസ്റ്റഡിയിൽ വിട്ടു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ ബെനാമി ഇടപാടുകാരൻ സതീഷ് കുമാറിനെയും ബാങ്കിലെ കലക്ഷൻ ഏജൻറ് ആയിരുന്ന പി പി കിരണിനെയും കലൂർ പി.എം.എൽ എകോടതിയിൽ ഹാജരാക്കി. ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. 51 ബെനാമി ഇടപാടുകളിലൂടെയാണ് 24.5 കോടി രൂപ പി.പി. കിരൺ വായ്പയായി തട്ടിയെടുത്തത്. ഉന്നത ബന്ധങ്ങൾ ഉള്ള സതീഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ബാങ്കിൽ നിന്ന് കിരണിന് വായ്പകൾ അനുവദിച്ചത്. ബാങ്ക് അക്കൗണ്ടിലേക്കും പണമായും വായ്പ തുക കൈമാറി. തട്ടിയെടുത്ത പണത്തിൽ നിന്ന് 14 കോടി രൂപ കിരൺ സതീഷ് കുമാറിന് നൽകി. തട്ടിപ്പ് വിഹിതം ബാങ്ക് അക്കൗണ്ട് വഴിയും പണമായും നൽകിയിട്ടുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. എന്നാൽ 2021 ൽ തുടങ്ങിയ കേസിൽ ഇപ്പോഴാണ് പരിശോധനകളും അറസ്റ്റും നടന്നതെന്ന് പ്രതിഭാഗം ആരോപിച്ചു. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇരുവരെയും ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ ആദ്യ അറസ്റ്റ് ആണിത്. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകുന്നതും ഇ.ഡി പരിശോധിക്കുന്നുണ്ട്.
Two arrested by ED in Karuvannur bank scam