കോടതിക്ക് മുന്നില്‍ വീണ്ടും മുദ്രാവാക്യം മുഴക്കി ഗ്രോ വാസു. ഇനിയും മുദ്രാവാക്യം വിളിച്ചാല്‍ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി താക്കീത് നല്‍കിയിരുന്നു. ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധിച്ചതിനാണ് മുന്‍ നക്സലൈറ്റ് നേതാവ് ഗ്രോ വാസു ഒരു മാസത്തിലേറെയായി റിമാന്‍ഡില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടു തവണയും വിചാരണ കഴിഞ്ഞ് മടങ്ങവേ ഗ്രോ വാസു കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി പൊലീസിന് താക്കീത് നല്‍കിയാണ് തുടങ്ങിയത്. ഇനിയും ഗ്രോ വാസുവിനെ മുദ്രാവാക്യം വിളിക്കാന്‍ അനുവദിച്ചാല്‍ പൊലീസിനെതിരെ നടപടിയെടുക്കും. മുദ്രാവാക്യം മുഴക്കേണ്ട സ്ഥലമല്ല കോടതിയെന്നും ഓര്‍മ്മപ്പെടുത്തല്‍. എന്നാല്‍ ഇന്നും ഗ്രോ വാസു പിന്നട്ടില്ല. ജയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ
വീണ്ടും മുഷ്ടിചുരുട്ടി മുദ്രാവാക്യം.
ബലംപ്രോയോഗിച്ചാണ് വാസുവിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. മുന്‍പ് മുദ്രാവാക്യം മുഴക്കിയ ഗ്രോ വാസുവിന്‍റെ മുഖം തൊപ്പികൊണ്ട് മറച്ച പൊലീസ് നടപടി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയ കേസ് ഈ മാസം 11ന് കേടതി വീണ്ടും പരിഗണിക്കും. അതേസമയം ഗ്രോ വാസുവിന്‍റെ ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. വാസുവിനോടുള്ള പൊലീസിന്‍റെ പെരുമാര്റം മനസാക്ഷിയെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.