തിരുവല്ല നെടുമ്പ്രത്തെ കുടുംബശ്രീ പദ്ധതികളുടെ മറവില്‍ നടന്നത് വന്‍ തട്ടിപ്പ്. അഗതിരഹിത കേരളം ഫണ്ട് ചെലവിട്ട് വീട്ടിലേക്ക് സോപ്പും കശുവണ്ടിയും ഈന്തപ്പഴവും വാങ്ങി. സി.ഡി.എസ് അധ്യക്ഷ പി.കെ.സുജയെ നീക്കും. മെംബര്‍ സെക്രട്ടറിക്കെതിരെയും നടപടി വരും. 69 ലക്ഷത്തിന്റെ തട്ടിപ്പാണ് ഓഡിറ്റിങ്ങില്‍ പുറത്തുവന്നത് 

അശരണർക്കുള്ള ധനസഹായം മുതൽ കോവിഡ് സബ്സിഡിയും പ്രളയഫണ്ടും വരെ സിഡിഎസ് ഭാരവാഹികൾ ചേർന്നുനടത്തിയ തട്ടിപ്പിന്റെ ലിസ്റ്റിലുണ്ട്. 200 രൂപ മുതൽ രണ്ടുലക്ഷം വരെ പല തവണയായി 69,14,665 രൂപയുടെ ക്രമക്കേട്. അഗതിരഹിത കേരളം ആശ്രയഫണ്ട് ഉപയോഗിച്ചു വാങ്ങിയതാകട്ടെ സ്വന്തം വീട്ടിലേക്കുള്ള സോപ്പും ഈന്തപ്പഴവും കശുവണ്ടിയും. ഓഡിറ്റ് റിപ്പോർട്ട് വന്നപ്പോളാണ് സാമ്പത്തിക തട്ടിപ്പിനെകുറിച്ച് അറിഞ്ഞതെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ ന്യായീകരണം. രണ്ടു വർഷമായി വിലയിരുത്തൽ സമിതി കൂടാത്തതെന്തെന്ന് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് വിലയിരുത്തൽ സമിതിയുടെ അധ്യക്ഷ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി ഇങ്ങനെ.

 

തട്ടിപ്പിൽ നിന്ന് പ്രസിഡണ്ടിനോ ഭരണസമിതിക്കോ ഒഴിഞ്ഞു നിൽക്കാനാകില്ലെന്ന് പ്രതിപക്ഷം. വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ അംഗങ്ങൾ.