സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷ കൂട്ടും. ഇതിന്‍റെ ഭാഗമായി സംയുക്ത പരിശോധന നടത്താന്‍ കെഎസ്ഇബിയും പൊലീസും തീരുമാനിച്ചു. അതേസമയം, സുരക്ഷാ വീഴ്ചക്ക് കാരണക്കാരനായ ഒറ്റപ്പാലം സ്വദേശിയെ നാട്ടിലെത്തിക്കുന്നത് വൈകുകയാണ്.

 

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജില്ലാ പൊലീസ് മേധാവി, ഡാം സേഫ്റ്റി, ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ യോഗത്തില്‍ അണക്കെട്ടിലെ പരിശോധനകളിലെ ന്യൂനതകളാണ് ചര്‍ച്ചയായത്. സന്ദര്‍ശകരെ കൂടുതല്‍ ശക്തമായി നിരീക്ഷിക്കാനാണ് സുപ്രധാന തീരുമാനം. വിവിധ വകുപ്പുകള്‍ നിരീക്ഷണത്തിന്‍റെ ഭാഗമാകും. അണക്കെട്ട് പരിസരത്തെ വൈദ്യുതി വേലികളുടെ കാര്യക്ഷമത ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. വിനോദസഞ്ചാരികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ ബോര്‍ഡുകള‌ും സ്ഥാപിക്കും.  നിരീക്ഷണ ക്യാമറകളുടെ എണ്ണവും കൂട്ടും.

 

ഒറ്റപ്പാലം സ്വദേശിയായ സഞ്ചാരി ജൂലൈ 22ന് ഡാമില്‍ കയറി ഹൈമാസ്റ്റ് ൈലറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടുകയും ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതും വൈകുകയാണ്. സ്വമേധയാ പ്രതി നാട്ടിലെത്താമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വരാന്‍ തയ്യാറായില്ലെങ്കില്‍ മറ്റു വഴികള്‍ തേടാനുള്ള നീക്കത്തിലാണ് പൊലീസ്.