ഇടുക്കി അയ്യപ്പൻകോവിലിൽ സഞ്ചാരികൾക്കായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിമുറിയുടെ പ്രവർത്തനം തടഞ്ഞ് ഡാം സുരക്ഷ അതോറിറ്റി. ശുചിമുറി നിർമ്മിക്കാൻ ഇടുക്കി ജലസംഭരണി കയ്യേറിയെന്നാണ് വാദം. ജില്ലാ കലക്ടർ പരിശോധിച്ച ശേഷമാണ് 30 ലക്ഷം രൂപ മുടക്കി ശുചിമുറി നിർമ്മിച്ചത്.
അയ്യപ്പൻകോവിൽ തൂക്കുപാലം കാണാനെത്തുന്ന സഞ്ചാരികൾക്കായാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിലുൾപ്പെടുത്തി ശുചിമുറി നിർമ്മിച്ചത്. ഇടുക്കി ജലവൈദ്യുതി പദ്ധതി പ്രദേശത്തു നിന്നും 15 മീറ്റർ മാറി സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്തായിരുന്നു നിർമാണം. കലക്ടറും, ഭൂപതിവ് തഹസിൽദാരും, ഡാം സുരക്ഷ വിഭാഗവും നടത്തിയ പരിശോധനക്ക് ശേഷമാണ് നിർമ്മാണം തുടങ്ങിയത്. പണി പൂർത്തിയായി വൈദ്യുതി കണക്ഷനായി കെഎസ്ഇബിയെ സമീപിച്ചപ്പോഴാണ് ഡാം സുരക്ഷ അതോറിറ്റിയുടെ തടസവാദം ബ്ലോക്ക് പഞ്ചായത്ത് അറിഞ്ഞത്.
പദ്ധതി തടസപ്പെടാതിരിക്കാൻ വിഷയം ബ്ലോക്ക് പഞ്ചായത്ത് കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രദേശത്ത് നിർമ്മാണം നടത്താൻ പാടില്ലെന്ന് മുൻകൂറായി അറിയിച്ചെന്നാണ് ഡാം സുരക്ഷ അതോറിറ്റിയുടെ വാദം.