തെരുവുനായ ആക്രമണം തുടരുമ്പോഴും മണ്ണാര്‍ക്കാടിനായി പാലക്കാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച എ.ബി.സി കേന്ദ്രം യാഥാര്‍ഥ്യമായില്ല. അനുയോജ്യമായ സ്ഥലം കിട്ടാത്തതാണ് പ്രതിസന്ധി. സ്ഥലം കണ്ടെത്തുന്നതിനായി ഗ്രാമപഞ്ചായത്തുകള്‍ ശ്രമം തുടരുന്നുവെന്നാണ് വിശദീകരണം.
പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളില്‍ എ.ബി.സി കേന്ദ്രം തുറക്കാനായിരുന്നു 2015 ല്‍ ജില്ലാ പഞ്ചായത്ത് തീരുമാനം. സ്ഥലം കണ്ടെത്തുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് തുടര്‍ന്നപ്പോള്‍ മണ്ണാര്‍ക്കാടിന് എ.ബി.സി കേന്ദ്രം നഷ്ടമായി. ഇത് കൊടുവായൂര്‍ പഞ്ചായത്തിലേക്ക് അനുവദിക്കുകയും അവിടെ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ മേഖലയില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ തെരുവുനായ ശല്യം വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈസമയത്തും അനുയോജ്യമായ സ്ഥലം കണ്ടെത്തി എ.ബി.സി കേന്ദ്രം യാഥാര്‍ഥ്യമാക്കുന്നതിന് വൈകുകയാണ്.
ഓരോ ബ്ലോക്കിന് കീഴിലും എ.ബി.സി സെന്റര്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. കേന്ദ്രം ആരംഭിക്കുന്നതിന് അമ്പത് സെന്റ് സ്ഥലം വേണം. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സ്ഥലമില്ലെന്നതാണ് പ്രതിസന്ധി. തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് സ്വന്തമായുള്ള സ്ഥലം വിട്ടുകിട്ടുന്നതിനായി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സ്ഥലം കണ്ടെത്തുന്നതിനായി ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഊര്‍ജിത ശ്രമം തുടരുന്നതായും ബ്ലോക്ക് പഞ്ചായത്തധികൃതർ പറഞ്ഞു