തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വില്‍പന സര്‍വകാല റെക്കോര്‍ഡില്‍. 71.5 ലക്ഷം ടിക്കറ്റുകള്‍ ഇന്നലെ വരെ വിറ്റു. നാളെയാണ് 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപറിന്‍റെ നറുക്കെടുപ്പ്.
ടിക്കറ്റ് വില 500 രൂപയാണെങ്കിലും തിരുവോണം ബംപര്‍ വില്‍പന അവസാന ദിവസങ്ങളില്‍ കുതിച്ചുയരുകയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി ബംപറുകളുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വില്‍പനയാണ് തിരുവോണം ബംപറിന്‍റേത്. 71.5 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഇന്നലെ വൈകിട്ടുവരെ വിറ്റു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം തിരുവോണം ബംപര്‍ ടിക്കറ്റുകളായിരുന്നു വിറ്റത്. അഞ്ചുലക്ഷത്തോളം ടിക്കറ്റുകള്‍ ഇത്തവണ അധികം വിറ്റുകഴിഞ്ഞു. കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്ന തരത്തില്‍ സമ്മാനഘടന പരിഷ്കരിച്ചത് ജനപ്രീതി ഉയര്‍ത്തിയിട്ടുണ്ട്.
ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ തിരുവോണം ബംപറിന് ആവശ്യക്കാരേറിയതും വില്‍പന ഉയരുന്നതിനിടയാക്കി. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, അസമീസ്, തമിഴ് ഭാഷകളിലും ഇത്തവണ ഭാഗ്യക്കുറി വകുപ്പ് പരസ്യം നല്‍കി.
ഇന്ന് വൈകിട്ട് അഞ്ചുമണി വരെ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്ന് ഏജന്‍റുമാര്‍ക്ക് ടിക്കറ്റ് വില്‍ക്കും. നാളെ രണ്ടുമണിക്ക് ഗോര്‍ക്കിഭവനിലാണ് നറുക്കെടുപ്പ്. നറുക്കെടുക്കുന്ന സമയം വരെ ടിക്കറ്റുകള്‍ വാങ്ങാം. 80 ലക്ഷം ടിക്കറ്റുകള്‍ അടിച്ചതില്‍ 75 ലക്ഷം വരെ വിറ്റുപോകുമെന്ന് ഭാഗ്യക്കുറിവകുപ്പ് പ്രതീക്ഷിക്കുന്നു.