മലപ്പുറം കൊണ്ടോട്ടിയില്‍ എടുക്കാത്ത ലോണിന്‍റെ പേരില്‍ യുവാവിന് ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണിയും അസഭ്യവര്‍ഷവും. കൊണ്ടോട്ടി തുറക്കല്‍ സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്. രണ്ട് വര്‍ഷം മുന്‍പ് ലോണ്‍ ആപ്പിലൂടെ യുവാവ് വായ്പയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകള്‍ ഓണ്‍ലൈനായി കൈമാറുകയും ചെയ്തു. എന്നാല്‍ ഏഴ് ദിവസത്തിനകം ലോണ്‍ തിരിച്ചടയ്ക്കണമെന്ന നിബന്ധന കണ്ടതോടെ പിന്‍മാറി. 

 

ഒരാഴ്ച മുന്‍പാണ്  2021ല്‍ എടുത്ത ലോണ്‍ ഇതുവരെ തിരിച്ചടയ്ക്കാത്തതിനാല്‍  ഒരുലക്ഷം രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട്  സന്ദേശമെത്തുന്നത്. പിന്നെ തുടരെ ഫോണ്‍കോളുകള്‍. പിന്നാലെ തിരിച്ചടയ്ക്കേണ്ട തുക 7200 രൂപയാക്കി.  ശല്യം സഹിക്കാതെ വന്നപ്പോള്‍ ദില്‍ഷാദ് തുക ഓണ്‍ലൈനായി നല്‍കുകയും ചെയ്തു. എന്നാല്‍ വീണ്ടും പണമാവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ എത്തി. പണം നല്‍കാനാകില്ലെന്ന് അറിയിച്ചതോടെ അസഭ്യവര്‍ഷവും ഭീഷണിയും ആരംഭിച്ചു.  സുഹൃത്തുക്കളുടെ ഫോണിലേക്ക് യുവാവിന്‍റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് അശ്ലീല സന്ദേശങ്ങളുമെത്തി.

 

പണമടയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയിലുള്ള ഒരു കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് യുവാവിന് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Youth was threatened and molested by online loan app for a loan he did not take