മുട്ടിൽ മരം മുറി കേസിൽ കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കാനുള്ള റവന്യൂ നടപടിയിൽ കുരുങ്ങി ഭൂവുടമകൾ. തട്ടിപ്പുകാർ തെറ്റിദ്ധരിപ്പിച്ചതോടെ തുച്ഛമായ വിലയ്ക്ക് മരങ്ങൾ നൽകിയ ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂവുടമകളാണ് റവന്യൂ പിഴ നോട്ടീസിൽ എന്ത് ചെയ്യുമെന്നറിയാതെ ആശങ്കപ്പെടുന്നത്.
ഇവരെപ്പോലുള്ള പാവങ്ങളെ പറഞ്ഞു പറ്റിച്ചാണ് ലക്ഷങ്ങൾ വിലയുള്ള ഈട്ടിമരം തുച്ഛമായ വിലയ്ക്ക് തട്ടിപ്പുകാർ സ്വന്തമാക്കിയത്. പിഴയടയ്ക്കണമെന്ന് പറഞ്ഞുള്ള റവന്യൂ നോട്ടീസിന് എന്ത് മറുപടി നൽകുമെന്നറിയാതെ കുഴങ്ങുകയാണ് തട്ടിപ്പിനിരയായവർ. പകൽ വെളിച്ചത്തിൽ നടന്ന മരംമുറി അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ എന്ന് ഇവരുടെ ചോദ്യത്തിൽ ന്യായമുണ്ട്. ലക്ഷങ്ങൾ വരുന്ന റവന്യൂ പിഴത്തുക ഒരു മാസത്തിനുള്ളിൽ അടയ്ക്കണമെന്ന നിർദ്ദേശം ആശങ്കയോടെയാണ് ഇവർ കാണുന്നത്.