• 'ആരോപണത്തില്‍ ക്രിമനല്‍ ഗൂഢാലോചന'
  • പരാതി നല്‍കിയത് മലപ്പുറം എസ്​പിക്ക്

തനിക്കെതിരായ പീഡനപരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎസ്പി വി.വി.ബെന്നി മലപ്പുറം എസ്പിക്ക് പരാതി നല്‍കി. മുട്ടില്‍ മരംമുറിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പകയാണ് തനിക്കെതിരായ പരാതിക്കു പിന്നിലെന്നാണ് ബെന്നിയുടെ ആരോപണം. ആരോപണത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മലപ്പുറം എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ പരാതി ചാനലില്‍ ആസൂത്രിതമായി നല്‍കിയത് പകയുടെ ഭാഗമാണെന്നും ബെന്നി പരാതിയില്‍ ആരോപിച്ചു.

വീട്ടമ്മയെ മുന്‍പരിചയം ഇല്ലെന്നും തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണം ആണന്നുമായിരുന്നു മനോരമന്യൂസിനോടും ബെന്നി ഇന്നലെ പ്രതികരിച്ചത്. കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പരാതികള്‍  അന്വേഷിക്കുന്നത് ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചിട്ടാണ്. അങ്ങനെ പരാതിക്കാരിയെ കണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ നല്‍കിയ പരാതി കളവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അന്നത്തെ സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പിയും കേസ് അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

DYSP V.V. Benny has filed a complaint requesting an investigation into allegations of sexual harassment against him. Benny claims that the complaint against him is linked to Muttil tree felling case.