ജാഥകള്‍ക്ക് ഫീസ് അടയ്ക്കണം എന്ന സര്‍ക്കാര്‍ ഉത്തരവില്‍ സി.പി.ഐക്ക് അതൃപ്തി. തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. തീരുമാനത്തിനെതിരെ സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. 

 

ജാഥ നടത്തുന്നത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെങ്കില്‍ 2000 രൂപ, സബ് ഡിവിഷന്‍ തലത്തിലെങ്കില്‍ 4000, ജില്ലാ തലത്തിലെങ്കില്‍ 10000 രൂപ. കഴിഞ്ഞ പത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലാണിത്. സമരം ചെയ്താലും ഫീസ് ഈടാക്കാമെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലാണ് ഉത്തരവ്. സമരങ്ങളിലൂടെ വളര്‍ന്നു വന്ന ചരിത്രമുള്ള ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഇങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ പാടില്ലായിരുന്നു എന്ന നിലപാടിലാണ് സി.പി.ഐ. ജനാധിപത്യ വിരുദ്ധമാണ് ഉത്തരവെന്നും സി.പി.ഐയില്‍ ചര്‍ച്ചയുണ്ടായി. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാനകൗണ്‍സിലില്‍ കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

ഇക്കാര്യത്തില്‍ വേണ്ട ഇടപെടല്‍ നടത്താന്‍ റവന്യൂ മന്ത്രി കെ.രാജനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി സി.പി.ഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു. ജനകീയ സമരങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം.

 

Fee for conducting march 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ