ബാങ്ക് കൺസോർഷ്യം ഇനത്തിൽ നിലവിൽ 3000 കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. 52 ഇടങ്ങളിലെ ആസ്തികൾ പണയം വച്ചാണ് വായ്പ എടുത്തിട്ടുള്ളത്. നിലവിലെ ആസ്തി മൂല്യനിർണയത്തിനായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതായും കെഎസ്ആർടിസി ഹൈക്കോടതിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ജീവനക്കാരുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ ചാലക്കുടി കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സൊസൈറ്റി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ആസ്തി ബാധ്യതകൾ സംബന്ധിച്ച് കോടതി നിർദ്ദേശപ്രകാരം കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. 3100 കോടി രൂപയാണ് ബാങ്ക് കൺസോർഷ്യത്തിൽ നിന്നും കെ.എസ്.ആർ.ടി.സി വായ്പ എടുത്തിരുന്നത്. നിലവിൽ 2925.79 കോടി രൂപയാണ് അടച്ചു തീർക്കാനുള്ളത്.
അതേസമയം ആസ്തികളുടെ നിലവിലെ മൂല്യം നിർണയിക്കാൻ എസ്.ബി.ഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നക്. 2020-21 സാമ്പത്തിക വർഷം വരെയുള്ള ഓഡിറ്റ് മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. അതിനാൽ ആസ്തി ബാധ്യതകൾ സംബന്ധിച്ച ഏറ്റവും പുതിയ ബാലൻസ് ഷീറ്റ് സമർപ്പിക്കാൻ സാവകാശം വേണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
417.2 ഏക്കർ ഭൂമിയാണ് കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ളത്. ഇതിൽ 340.57 ഏക്കർ സ്വന്തം ഭൂമിയും, 17.33 ഏക്കർ വാടക ഭൂമിയുമാണ്. 58.51 ഏക്കർ ഭൂമിയുടെ പട്ടയത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. 1,29,702 ചതുരശ്രയടി വിസ്തീർണ്ണം വരുന്ന എട്ട് വാണിജ്യ സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. അതേസമയം 6 എണ്ണത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.
Liability of Rs. 3000 crores in bank consortium says KSRTC's affidavit submitted in high court
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.