munambam

TAGS

കൊച്ചി മുനമ്പത്ത് വള്ളം മറിഞ്ഞ് കാണാതായ 4 മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. മാലിപ്പുറത്തുനിന്ന് ഇന്നലെ പുലര്‍ച്ചെ മത്സ്യം കൊണ്ടുവരുന്നതിനായി കടലിലേക്ക് പോയ ഫൈബര്‍വള്ളമാണ് മുനമ്പത്തിന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിയത്. മറിഞ്ഞ വള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില മെച്ചപ്പെട്ടു. കോസ്റ്റ്്ഗാര്‍ഡ് ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ചാണ് തിരച്ചില്‍. 

അപകടവിവരം അറിഞ്ഞതോടെ വൈപ്പിന്‍, മാലിപ്പുറം, മുനമ്പം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ചെറുതും വലുതുമായി വള്ളങ്ങളിലേറി രക്ഷാപ്രവര്‍ത്തനത്തിന് പോയത്. അപകടത്തില്‍പ്പെട്ടവരുമായി ഇവര്‍ മടങ്ങിയെത്തുന്നത് കാത്ത് കടലിലേക്ക് കണ്ണെറിഞ്ഞ് ഇരുന്നവരെയടക്കം നിരാശയിലാഴ്ത്തിയാണ് പതിനൊന്ന് മണിയോടെ ബോട്ടുകളില്‍ ചിലത് തിരിച്ചെത്തിയത്. 

മാലിപ്പുറം സ്വദേശികളായ അപ്പുവെന്ന ശരത്, താഹയെന്ന ഷാജി, മോഹനന്‍, ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജു എന്നിവര്‍ക്കായാണ് തിരച്ചില്‍. അപകടസ്ഥലത്ത് കൂടി കടന്ന് പോയ മറ്റൊരു മത്സ്യബന്ധനബോട്ടാണ് മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന മൂന്ന് േപരെ രക്ഷപ്പെടുത്തിയത്. ഒരാഴ്ച മുന്‍പും മുനമ്പം അഴിമുഖത്തിന് സമീപം സമാനമായ അപകടം ഉണ്ടായിരുന്നു. അഴിമുഖത്തുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ അന്ന് രക്ഷപ്പെടുത്തിയത്. അപ്രതീക്ഷിതമായുണ്ടായ കടല്‍ക്ഷോഭമാണ് വള്ളം മറിയാന്‍ കാരണമായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

സമൃദ്ധിയെന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് മീന്‍ കൊണ്ടുവരാന്‍ മാലിപ്പുറത്ത് നിന്ന് പോയ ഫൈബര്‍ വള്ളമാണ് മടക്കയാത്രയില്‍ മുങ്ങിയത്. അഞ്ച് പേര്‍ യാത്ര ചെയ്യാവുന്ന വള്ളത്തില്‍ ഏഴ് തൊഴിലാളികളാണ് മടക്കയാത്രയില്‍ ഉണ്ടായിരുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ ഇന്റര്‍സെപ്ടര്‍ ബോട്ടുകള്‍, ഐസിഇഎസ് അഭിനവ്, ഐസിജിഎസ് സി 162 എന്നീ കപ്പലുകളടക്കമാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്.

Search for missing fishermen intensified

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.