TAGS

കൊച്ചിന്‍ റിഫൈനറിയുടെ വിപുലീകരണ പദ്ധതിയായ പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്ലാന്‍റ് അമ്പലമുകളില്‍ അതിരൂക്ഷ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. ജനവാസമേഖലയോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ഫ്ളെയര്‍ സ്റ്റാക്കില്‍ നിന്നുള്ള പുകയും അതിരൂക്ഷ ഗന്ധവുമാണ് പ്രദേശവാസികളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. പ്ലാന്റില്‍ നിലവില്‍ വാതകചോര്‍ച്ചയൊന്നുമില്ലെന്നും മലിനീകരണ പരാതിയെക്കുറിച്ച് പരിശോധന നടത്തുമെന്നും ബിപിസിഎല്‍ അധികൃതര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

 

അടൂര്‍കരയില്‍ ജനവാസമേഖലയോട് ചേര്ന്നാണ് പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രൊജക്ടിലെ ഫ്ളെയര്‍ സ്റ്റാക്ക്. അതില്‍ നിന്ന് പുറംതള്ളുന്ന പുകയും, ഒപ്പം ഗന്ധവുമാണ് ഇവിടെ ജീവിതം ദുസഹമാക്കുന്നത്. ജനലും വാതിലുമടച്ച് വീടിനുള്ളില്‍ ഇരുന്നാല്‍ പോലും ഗന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. കുട്ടികളടക്കം ശ്വാസകോശരോഗങ്ങളുടെ പിടിയില്‍ അമരുകയാണ്

 

.കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് പുകയും അതിരൂക്ഷഗന്ധവും പടരുന്നത്.

 

 മുപ്പത്തിയഞ്ച് വീടുകളാണ് പെട്രെകെമിക്കല്‍ പദ്ധതി പ്രദേശത്തോട് ചേര്‍ന്നുള്ള അടൂര്‍കരയിലുള്ളത്. മലിനീകരണത്തില്‍ പൊറുതിമുട്ടി പല കുടുംബങ്ങളും വീട് ഉപേക്ഷിച്ച് പോയിതുടങ്ങി. പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ജനവാസമേഖലയോട് ചേര്‍ന്നുള്ള  ബിപിസിഎല്ലിന്റെ പെട്രോകെമിക്കല്‍ പദ്ധതിയെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷാ മലിനീകരണ നിയന്ത്രണ നടപടികള്‍ ഉറപ്പാക്കി തന്നൊണ് പഡിപിപി യൂണിറ്റുകള്‍ പ്രവര്ത്തിക്കുന്നതെന്നാണ് ബിപിസിഎലിന്റെ വിശദീകരണം. അടൂര്‍കരയിലെ മലിനീകരണ പരാതിയെ കുറിച്ച് പരിശോധന നടത്തുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിപിസിഎല്‍ അധികൃതര്‍ അറിയിച്ചു.