തെങ്ങ് കയറുന്നതിനിടെ യന്ത്രത്തിൽ നിന്ന് വീണ് തലകീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെ രക്ഷിച്ച് ഫയർഫോഴ്സ്. വൈക്കം ഉല്ലലയിലാണ് തൊഴിലാളിക്ക് ഫയർഫോഴ്സ് രക്ഷകരായത്. 30 അടി ഉയരത്തിൽ വച്ച്  യന്ത്രത്തിൽ കാല് കുടുങ്ങിയാണ് അപകടം ഉണ്ടായത്.

തലയാഴത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തേങ്ങായിടാൻ കയറുന്നതിനിടെയാണ് സാജുവിന്റെ കാൽ യന്ത്രത്തിൽ കുടുങ്ങിയത്. പതിനഞ്ച് മിനിട്ടിലധികം തലകീഴായി തൂങ്ങി കിടന്നു. തൂങ്ങി കിടന്ന സാജുവിനെ നാട്ടുകാർക്ക് ഏണി കൊണ്ട് താങ്ങിനിർത്താനായതാണ് ആശ്വാസമായത്.

നാട്ടുകാരുടെ താഴെയിറക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി. സാജുവിനെ ഉയർത്തി തെങ്ങിനോട് ചേർത്ത് കെട്ടിയ ശേഷം കാലുകൾ യന്ത്രത്തിൽ നിന്ന് പുറത്തെടുത്ത് പതുക്കെ താഴെയിറക്കി. വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച സാജുവിന് കാര്യമായ പരുക്കുകളില്ല.

Fireforce team rescues man who got stuck while climbing coconut tree