ഗായിക നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ ഭൂമി വ്യാജരേഖ ചമച്ച് കയ്യേറിയെന്ന പരാതിയില്‍ റവന്യൂ സംഘം വിശദ പരിശോധന നടത്തും. നികുതി രസീത് വ്യാജമെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍. ഭൂമി തിരികെക്കിട്ടും വരെ പിന്മാറില്ലെന്നാണ് നഞ്ചിയമ്മയുടെ നിലപാട്.
നഞ്ചിയമ്മക്ക് അവകാശപ്പെട്ട കുടുംബഭൂമി വ്യാജ നികുതി രസീത് ചമച്ചാണ് എതിര്‍കക്ഷിയായ കെ.വി.മാത്യു കൈവശപ്പെടുത്തിയതെന്ന് മന്ത്രി കെ.രാജന്‍ നിയമസഭയിൽ അറിയിച്ചിരുന്നു. മാത്യു അടിസ്ഥാന രേഖയായി ഹാജരാക്കിയ നികുതി രസീത് അഗളി വില്ലേജിൽ നിന്ന് നൽകിയതല്ലെന്ന് വില്ലേജ് ഓഫിസറുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥ അറിയിച്ചിരുന്നു. ഇതിന്‍റെ രേഖകള്‍ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കുകയും അവര്‍ മൊഴി നൽകുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
മാരിമുത്തു എന്നയാൾ സ്വന്തം പേരിൽ നികുതി അടച്ച രസീത് ഉപയോഗിച്ചുണ്ടാക്കിയ കരാർ ഹാജരാക്കിയാണ് കോടതി വഴി കെ.വി.മാത്യുവിന് ഭൂമി ലഭിച്ചത്. ഇതിനുപയോഗിച്ച നികുതി രസീത് തന്റേതല്ലെന്ന് മാരിമുത്തു കലക്ടർക്ക് മൊഴി നൽകിയിരുന്നു. കൈമാറ്റം നിയമാനുസൃതമല്ലെങ്കില്‍ ഭൂമി തിരികെ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് റവന്യൂ വിഭാഗം കൂടുതല്‍ പരിശോധന നടത്തുന്നത്.
നഞ്ചിയമ്മയുടെ കുടുംബ ഭൂമി തട്ടിയെടുത്തതല്ലെന്നും 1962 ല്‍ നിയമപരമായി കൈമാറ്റം നടന്നിട്ടുള്ളതാണെന്നും എതിർ കക്ഷികളായ കെ.വി. മാത്യുവും ജോസഫ് കുര്യനും പറഞ്ഞു. ഭൂമി തിരിച്ചുകിട്ടാന്‍ വൈകിയാല്‍ വീണ്ടും പ്രത്യക്ഷ സമരത്തിലേക്കിറങ്ങുമെന്ന നഞ്ചിയമ്മയുടെ നിലപാട് ഗൗരവമായി കണ്ട് രേഖകള്‍ വീണ്ടും കോടതിെയ ധരിപ്പിച്ച് പരിഹാരത്തിനാണ് റവന്യൂ വകുപ്പിന്റെ ശ്രമം.